Weight Loss : കാര്യമായി വണ്ണം കുറയ്ക്കാൻ ശ്രമിക്കുകയാണോ? എങ്കിൽ നിങ്ങളറിയേണ്ടത്...

Published : Dec 05, 2022, 07:54 PM IST
Weight Loss : കാര്യമായി വണ്ണം കുറയ്ക്കാൻ ശ്രമിക്കുകയാണോ? എങ്കിൽ നിങ്ങളറിയേണ്ടത്...

Synopsis

കാർബും പ്രോട്ടീനും അങ്ങനെ വെറുതെ താരതമ്യപ്പെടുത്തി ഏതിനെയെങ്കിലും തള്ളാനോ കൊള്ളാനോ സാധിക്കില്ലെന്നാണ് പ്രധാനമായും ലവ്നീത് ബത്ര ചൂണ്ടിക്കാട്ടുന്നത്. 

വണ്ണം കുറയ്ക്കുകയെന്നാൽ അത് നിസാരമായ കാര്യമല്ല. കൃത്യമായ ഡയറ്റും വർക്കൌട്ടുമെല്ലാം ഇതിനാവശ്യമായി വരാം. പ്രത്യേകിച്ച് സാമാന്യം വണ്ണമുള്ളവർക്ക്. 

വണ്ണം കുറയ്ക്കുമ്പോൾ അതിൽ ഡയറ്റിന് എന്തുമാത്രം പ്രാധാന്യമുണ്ടെന്നത് പറയേണ്ടതില്ലല്ലോ. അപ്പോഴും വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരെല്ലാം തന്നെ ഒരുപോലുള്ള ഡയറ്റല്ല പിന്തുടരേണ്ടത്. ഓരോരുത്തരും അവരവരുടെ പ്രായവും ആരോഗ്യാവസ്ഥയും ശാരീരികമായ സവിശേഷതകളുമെല്ലാം പരിഗണിച്ചാണ് ഡയറ്റ് തെരഞ്ഞെടുക്കേണ്ടത്.

എങ്കിൽപോലും വണ്ണം കുറയ്ക്കണമെങ്കിൽ കാർബോഹൈഡ്രേറ്റ് അഥവാ കാർബ് കാര്യമായ അളവിൽ കുറച്ച് പ്രോട്ടീൻ കൂട്ടണമെന്ന സംഗതി ഏവരും അംഗീകരിക്കാറുണ്ട്. കാർബിനെ ശരിക്കും ശത്രുവിനെയെന്ന പോലെയാണ് ഇത്തരത്തിൽ ഡയറ്റ് പാലിക്കുന്നവർ കാണാറ്. എന്നാൽ യഥാർത്ഥത്തിൽ ഇങ്ങനെ കാണേണ്ടതുണ്ടോ ? 

വണ്ണം കുറയ്ക്കാനായി ഡയറ്റിലേക്ക് പോകുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കുന്നതിനായി പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് ലവ്നീത് ബത്ര ഇതെക്കുറിച്ച് നൽകിയ വിശദീകരണം നോക്കാം.

കാർബും പ്രോട്ടീനും അങ്ങനെ വെറുതെ താരതമ്യപ്പെടുത്തി ഏതിനെയെങ്കിലും തള്ളാനോ കൊള്ളാനോ സാധിക്കില്ലെന്നാണ് പ്രധാനമായും ലവ്നീത് ബത്ര ചൂണ്ടിക്കാട്ടുന്നത്. 

'പുഴുങ്ങിയ കടലയും ഫ്രഞ്ച് ഫ്രൈസും താരതമ്യം ചെയ്യുമ്പോൾ തീർച്ചയായും കാർബ് മോശമാണെന്നും പ്രോട്ടീൻ ആണ് നല്ലതെന്നും പറയേണ്ടിവരും. നിങ്ങൾ ഏത് തരം കാർബ് ഉപയോഗിക്കുന്നു, പ്രോട്ടീൻ ഉപയോഗിക്കുന്നു എന്നതാണ് വിഷയം. ശരീരത്തിന് ഊർജം നൽകുന്നതിന്‍റെ പ്രധാന സ്രോതസാണ് കാർബ്. അധികം വരുന്ന കാർബിനെ ശരീരം ഗ്ലൈക്കോജനാക്കി സ്റ്റോർ ചെയ്യും. ഇത് പിന്നീട് ഊർജമാക്കി മാറ്റി വിശക്കുമ്പോഴോ ഭക്ഷണം ലഭിക്കാത്തപ്പോഴോ തളരുമ്പോഴോ എല്ലാം വിനിയോഗിക്കാം. ഇതിന് പുറമെ കാർബിലുള്ള ഫൈബർ ദഹനവും എളുപ്പത്തിലാക്കുന്നു. ഇത് ഹൃദ്രോഗത്തെയും പ്രമേഹത്തെയുമെല്ലാം ചെറുക്കുന്നുണ്ട്. അതിനാൽ തന്നെ കാർബ് നിങ്ങളുടെ ശത്രുവല്ല. അങ്ങനെ ചിന്തിക്കാനാവില്ല. ഏത് തരം കാർബ് ആണെന്നത് തീർച്ചയായും പരിഗണിക്കണം. റിഫൈൻഡ് കാർബ്സ് അത്ര നല്ലതല്ല. ഉദാഹരണത്തിന് - ബിസ്കറ്റ്, ബ്രഡ് അങ്ങനെയുള്ള പദാർത്ഥങ്ങൾ...'- ലവ്നീത് ബത്ര പറയുന്നു. 

നേരെ തിരിച്ച് പ്രോട്ടീനാണെങ്കിൽ കോശകലകളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കുമെല്ലാം പ്രധാനമായും ആവശ്യമായി വരുന്ന ഘടകമാണ്. നമ്മുടെ ശരീരം എത്രമാത്രം പ്രവർത്തിക്കുന്നു, എത്ര കായികാധ്വാനമുണ്ട് എന്നതിനെയെല്ലാം അപേക്ഷിച്ചായിരിക്കണം പ്രോട്ടീൻ സ്വീകരിക്കേണ്ടതെന്ന് ലവ്നീത് പറയുന്നു. പ്രോട്ടീന് വേറെയും ധർമ്മങ്ങളുണ്ട്. അതിനാൽ കായികാധ്വാനത്തിനെ തുല്യമാക്കാൻ പ്രോട്ടീനിനെ മാത്രം ആശ്രയിക്കുന്നത് അത്ര ബുദ്ധിപരമായ തീരുമാനമല്ലെന്നും ഇവർ ഓർമ്മിപ്പിക്കുന്നു. 

ശരീരഭാരത്തിന് അനുസരിച്ച് പ്രോട്ടീൻ എടുക്കുകയാണെങ്കിൽ ഒരു കിലോ ഭാരത്തിന് ഒരു ഗ്രാം പരമാവധി രണ്ട് ഗ്രാം എന്ന നിലയിലെടുക്കാമെന്നും കാർബ് ആണെങ്കിൽ പ്രതിദിനം 120-ഗ്രാം- 180 ഗ്രാം എന്ന നിലയിലെടുക്കാമെന്നും ഇവർ പറയുന്നു. 

വണ്ണം കുറയ്ക്കുന്നതിന് ഡയറ്റ് പാലിക്കുമ്പോൾ ഇതിന് മുമ്പായി ഒരു ന്യൂട്രീഷ്യനിസ്റ്റിന്‍റെ നിർദേശം തേടുന്നത് തന്നെയാണ് എപ്പോഴും ഉചിതം. ഇത് പിന്നീട് മറ്റ് സങ്കീർണതകൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ സഹായിക്കും. 

Also Read:- വണ്ണം കുറയ്ക്കാൻ ഭക്ഷണം കുറയ്ക്കുമ്പോള്‍ ഈ പ്രശ്നം വരാതെ നോക്കണേ...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അനിമീയ : ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ചെയ്യേണ്ട 6 ദൈനംദിന ശീലങ്ങൾ