
ചെറുപ്പമല്ലേ സേഫാണെന്ന് കരുതി ഇരിക്കുന്നവരാണ് നമ്മളിൽ പലരും, പക്ഷെ ഹൃദ്രോഗം യുവാക്കളിൽ എന്ന് വേണ്ട കൗമാരക്കാരിൽ വരെ എത്തി നിൽക്കുന്നു എന്നതാണ് സമകാലിക യാഥാര്‍ത്ഥ്യം. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു, എങ്ങനെ ഇതിനെ പ്രതിരോധിക്കാം എന്നതിനെ കുറിച്ചും പലര്‍ക്കും ഇന്നും അറിയില്ല, അല്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടവയെന്ന് കരുതി ഗൗരവത്തിൽ എടുക്കിന്നില്ലെന്നും പറയാം... പക്ഷെ, വിഷയത്തിൽ അതീവ ജാഗ്രതയും കരുതലും വേണമെന്ന് ഓര്‍മിപ്പിക്കുകയാണ് തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളേജിലെ കാർഡിയോളജിസ്റ്റ് ഡോ. ജയസൂര്യ പിജി. ഡോക്ടര്‍ക്ക് പറയാനുള്ളത് അറിയാം...
കുറച്ചുനാൾ മുൻപ് വരെ ഹൃദയാഘാതം പ്രധാനമായും പ്രായമായവരുടെ രോഗമായാണ് കണക്കാക്കിയിരുന്നത്. എന്നാൽ ഇന്ന് 30-40 വയസ്സിനിടയിലുള്ളവരിലും, ചിലപ്പോൾ അതിലും ചെറുപ്പക്കാരിലും ഹൃദയാഘാതം റിപ്പോർട്ട് ചെയ്യപ്പെടുന്നു. വാർത്തകളിലും സാമൂഹ്യമാധ്യമങ്ങളിലുമൊക്കെ യുവാക്കൾ പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുന്ന സംഭവങ്ങൾ നമ്മൾ പതിവായി കാണുന്നുണ്ട്. എന്തുകൊണ്ട് യുവാക്കളിൽ ഹൃദയാഘാതം വർധിക്കുന്നു? അതിനെ എങ്ങനെ പ്രതിരോധിക്കാം? എന്നത് സമൂഹം ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്.
ഹൃദയത്തിന് രക്തം എത്തിക്കുന്ന രക്തക്കുഴലുകൾ അഥവാ കൊറോണറി ആർട്ടറികളിൽ പെട്ടെന്നുണ്ടാകുന്ന തടസ്സം മൂലം ഹൃദയപേശികൾക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. സമയോചിതമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ഹൃദയപേശികൾക്ക് സ്ഥിരമായ കേടുപാടുകൾ സംഭവിക്കാനും അത് ജീവന് ഭീഷണിയാകാനും സാധ്യതയുണ്ട്.
1. ജീവിതശൈലിയിൽ ഉണ്ടായിരിക്കുന്ന മാറ്റങ്ങൾ
മണിക്കൂറുകളോളം കമ്പ്യൂട്ടറിന് മുന്നിൽ ഇരുന്ന് ജോലി ചെയ്യുക, ശാരീരിക അധ്വാനം കുറയുക, വാഹനങ്ങളെ അമിതമായി ആശ്രയിക്കുക എന്നിവ ഹൃദ്രോഗസാധ്യത വർധിപ്പിക്കുന്നു.
2. പുകവലിയും പുകയില ഉപയോഗവും
യുവാക്കളിൽ ഹൃദയാഘാതത്തിന് ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നാണ് പുകവലി. സിഗരറ്റ്, ബീഡി, ഇ-സിഗരറ്റ്, പുകയില ഉൽപ്പന്നങ്ങൾ എന്നിവ രക്തക്കുഴലുകൾക്ക് കേടുവരുത്തുകയും രക്തം കട്ടപിടിക്കാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
3. പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും
മുമ്പ് മധ്യവയസ്സിലും വാർദ്ധക്യത്തിലും കൂടുതലായി കണ്ടിരുന്ന പ്രമേഹവും ഹൈപ്പർടെൻഷനും ഇന്ന് യുവാക്കളിലും സാധാരണമായി കണ്ടുവരുന്നു. ഇവ രണ്ടും ഹൃദ്രോഗത്തിന് പ്രധാന അപകടഘടകങ്ങളാണ്.
4. കൊളസ്ട്രോളിന്റെ വർധന
ഫാസ്റ്റ് ഫുഡ്, അമിത കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ, പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ എന്നിവയുടെ ഉപയോഗം വർധിച്ചതോടെ മോശം കൊളസ്ട്രോൾ (LDL) ഉയരുകയും ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുകയും ചെയ്യുന്നു.
5. മാനസിക സമ്മർദ്ദം
തൊഴിൽ സമ്മർദ്ദം, സാമ്പത്തിക ബാധ്യതകൾ, കുടുംബപ്രശ്നങ്ങൾ, ഉറക്കക്കുറവ് തുടങ്ങിയവ യുവാക്കളിൽ വർധിച്ചുവരുന്നുണ്ട്. ദീർഘകാല മാനസിക സമ്മർദ്ദം ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.
6. അമിതവണ്ണം
വയറിനു ചുറ്റുമുള്ള കൊഴുപ്പ് (Central Obesity) ഹൃദ്രോഗ സാധ്യത ഗണ്യമായി വർധിപ്പിക്കുന്ന ഘടകമാണ്. അമിതവണ്ണം പ്രമേഹം, ഹൈപ്പർടെൻഷൻ, കൊളസ്ട്രോൾ വർധന എന്നിവയ്ക്കും കാരണമാകുന്നു.
7. കുടുംബ പാരമ്പര്യം
കുടുംബത്തിൽ ചെറുപ്പത്തിൽ ഹൃദയാഘാതം ഉണ്ടായവരുണ്ടെങ്കിൽ അടുത്ത തലമുറയ്ക്കും അപകടസാധ്യത കൂടുതലായിരിക്കും. അത്തരം ആളുകൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണ്.
ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ്
ലക്ഷണങ്ങൾ
1)നെഞ്ചിന്റെ മധ്യഭാഗത്ത് അമർത്തിപ്പിടിക്കുന്നതുപോലുള്ള വേദന
2)വേദന ഇടത് കൈയിലേക്കോ താടിയിലേക്കോ പുറകിലേക്കോ വ്യാപിക്കുക
3)നടക്കുമ്പോൾ ഉള്ള കിതപ്പ്
4)ശ്വാസംമുട്ടൽ
5)അമിത വിയർപ്പ്
6)പെട്ടെന്നുള്ള ക്ഷീണം
7)തലകറക്കം
8) നെഞ്ചിടുപ്പ്
പ്രമേഹരോഗികളിൽ ചിലപ്പോൾ നെഞ്ചുവേദന ഇല്ലാതെയും ഹൃദയാഘാതം സംഭവിക്കാം.
ഹൃദയാഘാതം എങ്ങനെ പ്രതിരോധിക്കാം?
1)പുകവലി പൂർണമായും ഉപേക്ഷിക്കുക
ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട നടപടികളിലൊന്നാണ് ഇത്.
2)ദിവസവും വ്യായാമം ചെയ്യുക
ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് മിതമായ ശാരീരിക പ്രവർത്തനം ശുപാർശ ചെയ്യപ്പെടുന്നു.
3)ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കുക
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, മത്സ്യം എന്നിവ കൂടുതലായി ഉൾപ്പെടുത്തുകയും ഫാസ്റ്റ് ഫുഡും അമിത ഉപ്പും പഞ്ചസാരയും കുറയ്ക്കുകയും ചെയ്യുക.
4)ശരീരഭാരം നിയന്ത്രിക്കുക
5)അമിതവണ്ണം കുറയ്ക്കുന്നത് ഹൃദ്രോഗസാധ്യത ഗണ്യമായി കുറയ്ക്കും
6)പ്രമേഹവും ബിപിയും നിയന്ത്രണത്തിൽ വയ്ക്കുക
7)നിരന്തരം പരിശോധനകൾ നടത്തി ആവശ്യമായ ചികിത്സ സ്വീകരിക്കണം.
8)മതിയായ ഉറക്കം ഉറപ്പാക്കുക
9)ദിവസവും 7-8 മണിക്കൂർ ഉറക്കം
ആരോഗ്യകരമായ ഹൃദയത്തിന് ആവശ്യമാണ്.
10)ആരോഗ്യ പരിശോധനകൾ നടത്തുക
30 വയസ്സിന് ശേഷം രക്തസമ്മർദ്ദം, ഷുഗർ, കൊളസ്ട്രോൾ എന്നിവ ഇടയ്ക്കിടെ പരിശോധിക്കുന്നത് നല്ലതാണ്.
യുവാക്കളിൽ ഹൃദയാഘാതം വർധിക്കുന്നത് ആശങ്കാജനകമായ ഒരു പ്രവണതയാണ്. എന്നാൽ ഇതിൽ ഭൂരിഭാഗം അപകടഘടകങ്ങളും നിയന്ത്രിക്കാവുന്നതാണ്. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയും അപകടഘടകങ്ങളെ നേരത്തേ തിരിച്ചറിയുകയും ചെയ്താൽ ഹൃദയാഘാതം വലിയൊരു പരിധിവരെ തടയാൻ കഴിയും. യുവത്വം എന്നത് ഹൃദ്രോഗത്തിൽ നിന്ന് സംരക്ഷണം നൽകുന്ന ഒരു കവചമല്ല എന്ന തിരിച്ചറിവാണ് ഇന്ന് ഏറ്റവും പ്രധാനപ്പെട്ടത്. നമ്മുടെ ഹൃദയത്തെ സംരക്ഷിക്കുന്നത് നമ്മുടെ ജീവിതത്തെ സംരക്ഷിക്കുന്നതിനു തുല്യമാണ്. ആരോഗ്യപൂർണമായ ഒരു നല്ല നാളെക്കായി നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam