Health Tips: മേക്കപ്പ് ബ്രഷുകൾ ടോയ്ലറ്റ് സീറ്റിനേക്കാൾ വൃത്തിഹീനമാകാമെന്ന് പഠനം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

Published : Apr 20, 2023, 07:36 AM ISTUpdated : Apr 20, 2023, 07:37 AM IST
Health Tips: മേക്കപ്പ് ബ്രഷുകൾ ടോയ്ലറ്റ് സീറ്റിനേക്കാൾ വൃത്തിഹീനമാകാമെന്ന് പഠനം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

Synopsis

കൃത്യമായി വൃത്തിയാക്കാത്ത മേക്കപ്പ് ബ്രഷുകളിൽ ടോയ്ലറ്റ് സീറ്റുകളിൽ ഉള്ളതിനൊപ്പമോ അല്ലെങ്കിൽ അതിനേക്കാളോ ബാക്റ്റീരിയ കൂടുതലാണെന്നാണ് പഠനത്തിൽ പറയുന്നത്. വൃത്തിയില്ലാത്ത മേക്കപ്പ് ബ്രഷുകൾ ഉപയോ​ഗിക്കുന്നത് മുഖക്കുരുവോ അതല്ലെങ്കിൽ മറ്റ് ചര്‍മ്മ പ്രശ്നങ്ങളോ ഉണ്ടാക്കാമെന്നും കോസ്മെറ്റിക് സയന്റിസ്റ്റായ കാർലി മുസ്ലെ പറയുന്നു. 

മുഖസൗന്ദര്യം വർധിപ്പിക്കാനായി ഇന്ന് എല്ലാവരും മേക്കപ്പ് ചെയ്യാറുണ്ട്. എന്നാല്‍ മേക്കപ്പ് ചെയ്യുന്നതില്‍ തെറ്റുകള്‍ സംഭവിച്ചാല്‍ അത് ചര്‍മ്മത്തെ പോലും മോശമായി ബാധിക്കാം. വൃത്തിയാക്കിയില്ലെങ്കില്‍, മേക്കപ്പ് ബ്രഷുകൾ ടോയ്ലറ്റ് സീറ്റിനേക്കാൾ വൃത്തിഹീനമാകാമെന്നാണ് പുതിയൊരു പഠനം പറയുന്നത്. കോസ്മെറ്റിക് ടൂൾ ബ്രാൻഡായ സ്പെക്ട്രം കളക്ഷൻസാണ് പഠനം നടത്തിയത്. കൃത്യമായി വൃത്തിയാക്കാത്ത മേക്കപ്പ് ബ്രഷുകളിൽ ടോയ്ലറ്റ് സീറ്റുകളിൽ ഉള്ളതിനൊപ്പമോ അല്ലെങ്കിൽ അതിനേക്കാളോ ബാക്റ്റീരിയ കൂടുതലാണെന്നാണ് പഠനത്തിൽ പറയുന്നത്. 

വൃത്തിയാക്കാത്ത മേക്കപ്പ് ബ്രഷുകളിൽ അനേകം ബാക്റ്റീരിയകൾ അടിഞ്ഞിരിക്കുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. വൃത്തിയാക്കിയതും അല്ലാത്തതുമായ മേക്കപ്പ് ബ്രഷുകളെ രണ്ടാഴ്ച്ചയോളം നിരീക്ഷിച്ച് സാമ്പിൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ബെഡ്റൂം, മേക്കപ്പ് ബാ​ഗ്, ഡ്രോയർ, ബാത്റൂം ഹോൾഡർ തുടങ്ങി പലയിടങ്ങളിലായാണ് മേക്കപ്പ് ബ്രഷുകൾ വച്ചിരുന്നത്. ശേഖരിച്ച സാമ്പിൾ ടോയ്ലെറ്റ് സീറ്റിൽ നിന്നുള്ള സാമ്പിളുമായി പരിശോധിച്ചു. തുടർന്നാണ് ടോയ്ലെറ്റ് സീറ്റിൽ ഉള്ളതിനൊപ്പമോ അതിനേക്കാളോ ബാക്റ്റീരിയ വൃത്തിഹീനമായ മേക്കപ്പ് ബ്രഷുകളിൽ അടിഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്. വൃത്തിയാക്കിയ മേക്കപ്പ് ബ്രഷുകളിൽ മറ്റുള്ളവയെ അപേക്ഷിച്ച് ബാക്റ്റീരിയയുടെ സാന്നിധ്യം കുറവായിരുന്നു. 

വൃത്തിയില്ലാത്ത മേക്കപ്പ് ബ്രഷുകൾ ഉപയോ​ഗിക്കുന്നത് മുഖക്കുരുവോ അതല്ലെങ്കിൽ മറ്റ് ചര്‍മ്മ പ്രശ്നങ്ങളോ ഉണ്ടാക്കാമെന്നും കോസ്മെറ്റിക് സയന്റിസ്റ്റായ കാർലി മുസ്ലെ പറയുന്നു. ആഴ്ച്ചയിലൊരിക്കലെങ്കിലും മേക്കപ്പ് ബ്രഷുകൾ നന്നായി വൃത്തിയാക്കണമെന്നാണ് പഠനം പറയുന്നത്. 

മേക്കപ്പ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

1. ആദ്യമേ തന്നെ മേക്കപ്പിനായി നല്ല ബ്രാന്‍റഡ് വസ്തുക്കള്‍ മാത്രം തെരഞ്ഞെടുക്കുക. അതുപോലെ തന്നെ, ഉപയോഗിക്കുന്ന വസ്തുക്കളുടെ കാലാവധി കഴിഞ്ഞോയെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

2. മേക്കപ്പ് വസ്തുക്കള്‍ ബ്ലെൻഡ് ചെയ്യുമ്പോള്‍ നിലവാരമുള്ള ബ്രഷുകൾ ഉപയോഗിക്കണം. 

3. മേക്കപ്പ് ബ്രഷുകൾ ഓരോ ഉപയോഗം കഴിഞ്ഞും വൃത്തിയാക്കുക. 

4. മുഖത്തുപയോഗിക്കുന്ന അതേ സൗന്ദര്യവർധക വസ്തുക്കൾ തന്നെ കഴുത്തിലും ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

5. മേക്കപ്പ് നീക്കം ചെയ്യുന്നതില്‍ പലരും വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ല. അത് പലപ്പോഴും ചര്‍മ്മത്തെ മോശമായി ബാധിക്കാം. മേക്കപ്പ് പെട്ടെന്ന് നീക്കം ചെയ്യാനായി ധൃതിയിൽ മുഖത്ത് അമര്‍ത്തരുത്. ഓരോ ഭാഗങ്ങളായി മൃദുവായി വേണം തുടച്ചുനീക്കാൻ. 

6. മേക്കപ്പ് നന്നായി പോകനായി ക്ലെന്‍സര്‍ ഉപയോഗിക്കാം. ക്ലെൻസർ പുരട്ടി മുഖത്തും കഴുത്തിലും 20 സെക്കൻഡ് വരെ മൃദുവായി മസാജും ചെയ്യണം. ലിപ്സ്റ്റികും ക്ലെൻസർ ഉപയോഗിച്ച് നീക്കം ചെയ്യാം. ക്ലെൻസർ ഉപയോഗിച്ച് മേക്കപ്പ് നീക്കം ചെയ്ത ശേഷവും വെള്ളം ഉപയോഗിച്ച് മുഖം നന്നായി കഴുകുക. ചെറുചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ ടവൽ രണ്ടോ മൂന്നോ മിനിറ്റ് നേരം മുഖത്ത് വയ്ക്കുന്നതും നല്ലതാണ്. മുഖത്ത് അടിഞ്ഞുകൂടിയ അഴുക്കും മേക്കപ്പിന്റെ അവശിഷ്ടങ്ങളും നീക്കം ചെയ്യാന്‍ ഇങ്ങനെ ചെയ്യുന്നത് സഹായിക്കും. 

7. മസ്‌കാര, ഐലൈനര്‍ ഇവയില്‍ ഏതെങ്കിലും കണ്ണിനുള്ളില്‍ പറ്റിയിട്ടുണ്ടെങ്കില്‍ ശുദ്ധജലം ഉപയോഗിച്ച് കണ്ണ് നന്നായി കഴുകാനും മറക്കേണ്ട. 

Also Read: വേനല്‍ക്കാലത്ത് ചര്‍മ്മ സംരക്ഷണത്തിനായി തണ്ണിമത്തൻ ഇങ്ങനെ ഉപയോഗിക്കാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

വെറുമൊരു ഭക്ഷണമല്ല, ഒരു വികാരമാണ്! ഇന്ന് ദേശീയ ചീസ് ലവർ ഡേ, ചില കൗതുകങ്ങൾ ഇതാ...
ആരോഗ്യവും സൗന്ദര്യവും നിലനിർത്താം: ലോകപ്രശസ്തമായ 9 ഡയറ്റ് പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം