ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലപാതകം: മന്ത്രിതല അന്വേഷണം വേണമെന്ന് ഒവൈസി

By Web TeamFirst Published Dec 6, 2019, 9:45 PM IST
Highlights

പൊലീസുകാരുടെ തോക്ക് കൈക്കലാക്കി ആക്രമിക്കാന്‍ പ്രതികള്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ നടന്നതെന്നാണ് പൊലീസ് വിശദീകരണം. 

ദില്ലി: വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഏറ്റുമുട്ടലിലൂടെ വധിച്ച നടപടിക്കെതിരെ എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. എല്ലാ തരത്തിലുള്ള ഏറ്റുമുട്ടല്‍ കൊലപാതകങ്ങളോടും തനിക്ക് വ്യക്തിപരമായ എതിര്‍പ്പാണുള്ളതെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പോലും ഏറ്റുമുട്ടലിനെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സംഭവത്തില്‍ മന്ത്രിതല അന്വേഷണം വേണം. എല്ലാ കാര്യങ്ങളും ജനം അറിയണമെന്നും അദ്ദേഹം വ്യക്തമാക്കി. തെലങ്കാനയില്‍ ടിആര്‍എസ് സര്‍ക്കാറിന്‍റെ സഖ്യകക്ഷിയാണ് ഒവൈസിയുടെ പാര്‍ട്ടി. 

വെള്ളിയാഴ്ച രാവിലെയാണ് തെളിവെടുപ്പിനിടെ കേസിലെ നാല് പ്രതികളെയും പൊലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചത്. പൊലീസുകാരുടെ തോക്ക് കൈക്കലാക്കി ആക്രമിക്കാന്‍ പ്രതികള്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ നടന്നതെന്നാണ് പൊലീസ് വിശദീകരണം. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ കല്ലുപയോഗിച്ച് പൊലീസിനെ ആക്രമിച്ചെന്നും ആയുധം കൈക്കലാക്കിയെന്നും സൈബരാബാദ് പൊലീസ് ചീഫ് വി സി സജ്ജനാര്‍ വ്യക്തമാക്കിയിരുന്നു. നിയമപരമായ കാര്യങ്ങള്‍ മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതികളായ മുഹമ്മദ് ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചിന്തകുണ്ഡ ചെന്നകേശവലു എന്നിവരാണ് കൊല്ലപ്പെട്ടത്. പൊലീസ് നടപടിയെ പ്രശംസിച്ചും വിമര്‍ശിച്ചും ആളുകള്‍ രംഗത്തെത്തിയിരുന്നു. 

click me!