നിത്യാനന്ദയുടെ രാജ്യം: വെബ്സൈറ്റ് ഉണ്ടാക്കുകയെന്നാല്‍ രാജ്യം ഉണ്ടാക്കുകയല്ലെന്ന് കേന്ദ്രം

By Web TeamFirst Published Dec 6, 2019, 7:16 PM IST
Highlights

നിത്യാനന്ദ സ്വന്തമായി രാജ്യം പ്രഖ്യാപിച്ച സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് '' ഒരു വെബ്സൈറ്റ് ഉണ്ടാക്കുകയെന്നാല്‍ രാജ്യം ഉണ്ടാക്കലല്ല''...

ദില്ലി: ഇന്ത്യ വിട്ടുപോയി പുതിയ രാജ്യം പ്രഖ്യാപിച്ച നിത്യാനന്ദയുടെ പാസ്പോര്‍ട്ട് റദ്ദാക്കി കേന്ദ്രം. ഇതിനുപിന്നാലെ വെബ്സൈറ്റ് ഉണ്ടാക്കുകയെന്നാല്‍ രാജ്യം സ്ഥാപിക്കുകയെന്നല്ല അര്‍ത്ഥമെന്ന് വിദേശകാര്യവക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ലൈംഗികക്കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ നിത്യാനന്ദ അന്വേഷണം നടക്കുന്നതിനിടെയാണ് രാജ്യം വിട്ടത്. 

നിത്യാനന്ദ സ്വന്തമായി രാജ്യം പ്രഖ്യാപിച്ച സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് '' ഒരു വെബ്സൈറ്റ് ഉണ്ടാക്കുകയെന്നാല്‍ രാജ്യം ഉണ്ടാക്കലല്ല'' എന്ന് രവീഷ് കുമാര്‍ പറഞ്ഞത്.  

'' ഞങ്ങള്‍ അയാളുടെ പാസ്പോര്‍ട്ട് റദ്ദാക്കി. പുതിയ പാസ്പോര്‍ട്ടിനുള്ള അപേക്ഷ തടഞ്ഞുവച്ചിരിക്കുകയാണ്. പൊലീസില്‍ നിന്ന് അയാള്‍ക്ക് ക്ലിയറന്‍സ് ലഭിക്കില്ല. നിത്യാനന്ദയുള്ള സ്ഥലം കണ്ടെത്തുക എളുപ്പമല്ല, വിദേശരാജ്യങ്ങളോട് എന്തെങ്കിലും വിവരം ലഭിച്ചാല്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  അതിനായി കാത്തിരിക്കുകയാണ്'' - രവീഷ് കുമാര്‍ വ്യക്തമാക്കി. 

അതേസമയം 2.85 കോടി രൂപ ഫ്രഞ്ച് പൗരനില്‍ നിന്ന് തട്ടിയെടുത്ത കേസില്‍ നിത്യാനന്ദയ്ക്കെതിരെ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് ഫ്രാന്‍സ് സര്‍ക്കാര്‍. നിത്യാനന്ദയുടെ അനുയായിയായിരുന്ന ഫ്രെഞ്ച് പൗരനാണ് പരാതിക്കാരന്‍. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലില്‍ വച്ച കേസില്‍ പ്രതിയായ നിത്യാനന്ദയ്ക്കെതിരെ അന്വേഷണം നടക്കുകയാണ്. ഇതിനിടയിലാണ് ഇക്വഡോറില്‍ സ്വകാര്യ ദ്വീപ് വാങ്ങി സ്വന്തം 'രാജ്യം' സ്ഥാപിച്ചുവെന്ന് നിത്യാനന്ദ പ്രഖ്യാപിച്ചിരിക്കുന്നത്. 

വിക്കിപീഡിയയ്ക്ക് സമാനമായി നിത്യാനന്ദപീഡിയയും റിസര്‍വ്വ് ബാങ്കിന് സമാനമായി ഹിന്ദു ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് റിസര്‍വ്വ് ബാങ്കും ഹിന്ദു സര്‍വ്വകലാശാല, ഗുരുകുലം, സേക്രട് ആര്‍ട്സ് സര്‍വ്വകലാശാല, നിത്യാനന്ദ ടിവി, ഹിന്ദുവിസം നൗ എന്നീ ചാനലുകളുമടക്കം വന്‍ സംവിധാനങ്ങളാണ് കൈലാസത്തിലൊരുക്കിയിരിക്കുന്നതെന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നത്. 

click me!