'വിമാനം അയച്ചുതരാം; ഇവിടെ വന്ന് സ്ഥിതിഗതികള്‍ മനസിലാക്കിയ ശേഷം പ്രതികരിക്കുക'; രാഹുല്‍ ഗാന്ധിയോട് ജമ്മു കശ്മീര്‍ ഗവര്‍ണര്‍

By Web TeamFirst Published Aug 13, 2019, 12:56 PM IST
Highlights

'താങ്കള്‍ക്ക് വിമാനം അയച്ചുതരാം. ഇവിടെ വന്ന് സ്ഥിതിഗതികള്‍ മനസിലാക്കിയ ശേഷം പ്രതികരിക്കുക'. 

ജമ്മു: ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച നടപടിക്ക് ശേഷം ജമ്മുകശ്മീരില്‍ സംഘര്‍ഷം നടക്കുന്നുവെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ ജമ്മു കശ്മീര്‍ ഗവര്‍ണര്‍. രാഹുലിനെപോലെ ഉത്തരവാദിത്തപ്പെട്ട ഒരു നേതാവ് ഇത്തരത്തില്‍ പ്രതികരിക്കാന്‍ പാടില്ലായിരുന്നെന്നും ഇവിടെയെത്തി സ്ഥിതിഗതികള്‍ മനസിലാക്കിയ ശേഷം രാഹുല്‍ പ്രതികരിക്കണമെന്നും ഗവര്‍ണര്‍ സത്യപാല്‍മാലിക് ആവശ്യപ്പെട്ടു. 

'ഞാന്‍ രാഹുല്‍ ഗാന്ധിയെ ഇവിടേക്ക് (ജമ്മു കാശ്മീര്‍) ക്ഷണിക്കുകയാണ്. താങ്കള്‍ക്ക് വിമാനം അയച്ചുതരാം. ഇവിടെ വന്ന് സ്ഥിതിഗതികള്‍ മനസിലാക്കിയ ശേഷം പ്രതികരിക്കുക'. 
ഉത്തരവാദിത്തപ്പെട്ട ഒരു നേതാവായ രാഹുല്‍ ഇത്തരത്തിലൊരു  പ്രതികരണം നടത്തരുതെന്നും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിക്ക് വര്‍ഗീയതയുടെ മുഖം നല്‍കരുതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ ദിവസം കശ്മീരില്‍ സംഘര്‍ഷങ്ങളുണ്ടെന്ന രീതിയില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ രാഹുല്‍ ഗാന്ധിയും ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തി. കശ്മീരില്‍ പ്രശ്നങ്ങളുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കണമെന്നുമായിരുന്നു രാഹുല്‍ ആവശ്യപ്പെട്ടത് ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ രംഗത്തെത്തിയത്. 

click me!