കശ്മീരിലെ നിയന്ത്രണങ്ങള്‍; മാധ്യമപ്രവര്‍ത്തകരുടെ ഹര്‍ജി ഉടന്‍ പരിഗണിക്കാമെന്ന് സുപ്രീംകോടതി

By Web TeamFirst Published Aug 13, 2019, 12:37 PM IST
Highlights

ഇന്‍റര്‍നെറ്റ്, ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ വിച്ഛേദിച്ചതിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് യാത്ര ചെയ്യുന്നതില്‍ വിലക്ക്  ഏര്‍പ്പെടുത്തിയതിലും ഇളവ് നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. കശ്മീർ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ അനുരാധാ ബാസിന്‍ ആണ് കോടതിയെ സമീപിച്ചത്. 

ദില്ലി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കശ്മീരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ ചോദ്യം ചെയ്തുള്ള ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.  ഹര്‍ജി സംബന്ധിച്ച വിവരങ്ങള്‍ സുപ്രീംകോടതി രജിസ്ട്രിക്ക് കൈമാറാന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര നിര്‍ദ്ദേശം നല്‍കി. 

മാധ്യമപ്രവര്‍ത്തകര്‍ക്ക് തടസ്സങ്ങളില്ലാതെ തങ്ങളുടെ ജോലി  ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് കശ്മീർ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ അനുരാധാ ബാസിന്‍ ആണ് കോടതിയെ സമീപിച്ചത്. ഇന്‍റര്‍നെറ്റ്, ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ വിച്ഛേദിച്ചതിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് യാത്ര ചെയ്യുന്നതില്‍ വിലക്ക്  ഏര്‍പ്പെടുത്തിയതിലും ഇളവ് നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിക്കണമെന്നാണ് ആവശ്യം. 

ഈ  നിയന്ത്രണങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15 എന്നിവയുടെ ലംഘനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. നടപടി മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ക്കും കശ്മീര്‍ താഴ്‍വരയിലെ ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനും വിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ വാദം. 

click me!