
ദില്ലി: ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ക്യാമ്പസിനുള്ളില്‍ കടന്നുകൂടിയ പൊലീസ് സംഘം കണ്ണീര്‍വാതകം പ്രയോഗിക്കുമ്പോള്‍ മുഹമ്മദ് മുസ്തഫ ലൈബ്രറിയിലായിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ ആ ബിരുദാനന്തര വിദ്യാര്‍ത്ഥി പൊലീസ് സ്റ്റേഷനിലെ നിലത്തെത്തി. അപ്പോള്‍ അവന്‍റെ രണ്ട് കൈകള്‍ക്കും ഗുരുതരമായ പരിക്കേറ്റിരുന്നു.
''ആരും സുരക്ഷിതരല്ല'' മുസ്തഫ പറഞ്ഞു. നിങ്ങള്‍ സുരക്ഷിതരാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടാവാം. എന്നാല്‍ അങ്ങനെയല്ല'' - വിദ്യാര്‍ത്ഥി കൂട്ടിച്ചേര്‍ത്തു. പൗരത്വഭേദഗതി നിയമത്തിനെതിരെ സമീപപ്രദേശത്ത് പ്രതിഷേധം നടക്കുന്നതിനിടെയാണ് ഞായറാഴ്ച വൈകീട്ടോടെ പൊലീസ് ജാമിയ മിലിയ സര്‍വ്വകലാശാലയുടെ ക്യാമ്പസില്‍ കയറിയത്. പൊലീസുകാര്‍ ലൈബ്രറിയിലുള്ളവരെ പുറത്തുകടക്കാനാവാത്തവിധം അതിനുള്ളില്‍ കുടുക്കിയെന്ന് 21കാരനായ ഹംസാല മുജീബി പറഞ്ഞു.
''അവര്‍ സിസിടിവി ക്യാമറകള്‍ നശിപ്പിച്ചു. വിദ്യാര്‍ത്ഥികളെ വരിയായി നിര്‍ത്തി തല്ലിച്ചതച്ചു. എന്‍റെ ഫോണ്‍ തകര്‍ത്തു. 15 വിദ്യാര്‍ത്ഥികളില്‍ നിന്ന് ഫോണും ക്യാമറയും പിടിച്ചെടുത്തു'' - മുജീബി പറഞ്ഞു. ഒരു പൊലീസുകാരന്‍ എന്നോട് ചോദിച്ചു, എത്രയാണ് നിന്‍റെ പ്രായം ? നിങ്ങള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുമോ ? ഞാന്‍ അയാള്‍ക്ക് നേരെ നോക്കി. ഒരു പൊലീസുകാരന്‍ എന്‍റെ കണ്ണട എടുത്ത് പൊട്ടിച്ചുകളഞ്ഞിട്ട് പറഞ്ഞു - 'താഴോട്ട് നോക്ക്'
''അവരെന്നെ എന്‍കൗണ്ടറില്‍ കൊല്ലുമെന്നാണ് കരുതിയത്''
''ലൈബ്രറിയുടെ എല്ലാ ഭാഗത്തുനിന്നും പൊലീസ് ലാത്തി വീശി. എന്‍റെ ലാപ്ടോപ്പ് നശിപ്പിച്ചു. മര്‍ദ്ദിച്ചു. അവര്‍ കരയുകയായിരുന്നു, ഞാന്‍ മരിക്കാന്‍ പോകുന്നുവെന്ന് കരുതി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. 6.30 ആയതോടെ എന്നെയും മറ്റുള്ളവരെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്‍റെ രണ്ട് കൈകള്‍ക്കും പരിക്കേറ്റിരുന്നു. മരുന്നോ ചികിത്സയോ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ മരിക്കട്ടേ എന്നായിരുന്നു പൊലീസ് പറഞ്ഞത്. '' - മുഹമ്മദ് മുസ്തഫ പറഞ്ഞു.
'' ഞങ്ങളെ എല്ലാവരെയും നിരത്തിനിര്‍ത്തി അവര്‍ മര്‍ദ്ദിച്ചു. ഞാന്‍ വല്ലാതെ ഭയന്നിരുന്നു. ഞാന്‍ കരുതിയത് അവരെന്നെ വെടിവച്ചുകൊല്ലുമെന്നാണ്. മുജീബി പറയുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ഭയമില്ലെന്നാണ്.'' ''ഞങ്ങള്‍ക്ക് നീതി ലഭിക്കുംവരെ പൊരുതും'' - അവന്‍ പറഞ്ഞു.
തകര്‍ന്ന ഗ്ലാസുകള്‍, ഫര്‍ണിച്ചറുകള്‍, ഉപേക്ഷിക്കപ്പെട്ട ബാഗുകള്‍, കണ്ണീര്‍ വാതക ഷെല്ലുകള്‍, വരാന്തകളില്‍ കട്ടപിടിച്ചുകിടക്കുന്ന രക്തം - ഇങ്ങനെ നീളുന്നു പൊലീസ് അടിച്ചമര്‍ത്തലുകള്‍ക്ക് ശേഷമുള്ള ജാമിയയിലെ ലൈബ്രറിയും പരിസരപ്രദേശങ്ങളും.
പ്രതിഷേധം ആളിപ്പടര്‍ന്നപ്പോള്‍ നിലമെച്ചപ്പെടുത്താനാണ് ക്യാമ്പസില്‍ കടന്നതെന്നാണ് ദില്ലി പൊലീസിന്‍റെ ഭാഷ്യം. ഞായറാഴ്ചയില്‍ നടന്നതെല്ലാം പ്രതിഷേധകരുടെ മുന്‍കൂട്ടിയുള്ള പദ്ധതി പ്രകാരമാണെന്നും മുതിര്‍ന്ന പൊലീസ് ഓഫീസര്‍ പറഞ്ഞു. പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇതിലാരും തന്നെ വിദ്യാര്‍ത്ഥികളല്ല. ആറ് പേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam