'ഞാന്‍ ഫാറുഖ് അബ്ദുള്ളയെ ചികിത്സിക്കുന്ന ഡോക്ടറല്ല'; സുപ്രിയാ സുലയെ പരിഹസിച്ച് അമിത് ഷാ

By Web TeamFirst Published Aug 6, 2019, 6:21 PM IST
Highlights

എന്‍സിപി നേതാവ് സുപ്രിയ സുലേയാണ് ഫാറുഖ് അബ്ദുള്ളയുടെ അസാന്നിധ്യത്തെക്കുറിച്ച് ആദ്യം സൂചിപ്പിച്ചത്. 

ദില്ലി: നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറുഖ് അബ്ദുള്ളയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും തടവില്‍ വെച്ചിട്ടില്ലെന്നും അമിത് ഷാ ലോക്സഭയില്‍.  ജമ്മുകശ്മീരില്‍ നിന്നുള്ള എംപിയായ ഫാറുഖ് അബ്ദുള്ളയുടെ അസാന്നിധ്യം സഭയില്‍  ചര്‍ച്ചയായപ്പോഴാണ് അമിത് ഷാ ഫാറുഖ് അബ്ദുള്ളയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന വാദവുമായി രംഗത്തെത്തിയത്. 

എന്‍സിപി നേതാവ് സുപ്രിയ സുലേയാണ് ഫാറുഖ് അബ്ദുള്ളയുടെ അസാന്നിധ്യത്തെക്കുറിച്ച് ആദ്യം സൂചിപ്പിച്ചത്. 'എന്‍റെ അടുത്താണ് സാധാരണ അദ്ദേഹം ഇരിക്കാറുള്ളത്. എന്നാല്‍ ഇന്ന് അദ്ദേഹം ഇതുവരെയും എത്തിയിട്ടില്ലെന്നായിരുന്നു സുപ്രിയാ സുലേ സഭയില്‍ വ്യക്തമാക്കിയത്.  

ഡിഎംകെ നേതാവ് ദയാനിധി മാരനും അദ്ദേഹത്തിന്‍റെ അസാന്നിധ്യത്തെക്കുറിച്ച് സഭയില്‍ സൂചിപ്പിച്ചു. ഫാറൂഖ് അബ്ദുള്ളയെ കാണ്മാനില്ല. അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. സ്പീക്കര്‍ സഭാംഗങ്ങളെ സംരക്ഷിക്കണമെന്നും മാരന്‍ ആവശ്യപ്പെട്ടു. 

സുലേയുടെ പ്രസംഗത്തിന് പിന്നാലെയാണ് ഫാറുഖ് അബ്ദുള്ള അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി അമിത് ഷാ രംഗത്തെത്തിയത്. 'അദ്ദേഹത്തെ ആരും അറസ്റ്റ് ചെയ്യുകയോ തടവില്‍ വെയ്ക്കുകയോ ചെയ്തിട്ടില്ല. അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം വീട്ടില്‍ ഇരിക്കുകയാണെന്നാണ് അമിത് ഷാ സഭയില്‍ വ്യക്തമാക്കിയത്.

തുടര്‍ന്ന് അദ്ദേഹം അസുഖബാധിതനാണെന്നും അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കണമെന്നും സുപ്രിയയും പ്രതികരിച്ചു. ഇതിന് മറുപടിയായാണ് താന്‍ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടറല്ലെന്ന് അമിത് ഷാ പരിഹസിച്ചത്.

click me!