കശ്മീര്‍ ചര്‍ച്ചയില്‍ സെല്‍ഫ് ഗോളടിച്ച് കോണ്‍ഗ്രസ് നേതാവ്; അതൃപ്തിയോടെ രാഹുലും സോണിയയും

By Web TeamFirst Published Aug 6, 2019, 6:01 PM IST
Highlights

പാക് അധിനിവേശ കശ്മീരിനെക്കുറിച്ച് എന്താണ് പരാമര്‍ശിക്കാത്തതെന്നും യുഎന്‍ നിരീക്ഷണത്തിലുള്ള കശ്മീര്‍ വിഷയത്തില്‍ എടുക്കുന്ന തീരുമാനം എങ്ങനെ ആഭ്യന്തര കാര്യമാകുമെന്ന പരാമര്‍ശമാണ് വിമര്‍ശന വിധേയമായത്.

ദില്ലി: ലോക്സഭയില്‍ നടന്ന കശ്മീര്‍ ചര്‍ച്ചയില്‍ സെല്‍ഫ് ഗോളടിച്ച് കോണ്‍ഗ്രസ് കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമല്ല എന്ന രീതിയില്‍ സംസാരിച്ചതാണ് അദ്ദേഹത്തിന് വിനയായത്. അധിര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അതൃപ്തി പ്രകടിപ്പിച്ചു. പാക് അധിനിവേശ കശ്മീരിനെക്കുറിച്ച് എന്താണ് പരാമര്‍ശിക്കാത്തതെന്നും യുഎന്‍ നിരീക്ഷണത്തിലുള്ള കശ്മീര്‍ വിഷയത്തില്‍ എടുക്കുന്ന തീരുമാനം എങ്ങനെ ആഭ്യന്തര കാര്യമാകുമെന്ന പരാമര്‍ശമാണ് വിമര്‍ശന വിധേയമായത്.

യുഎന്‍ ഇടപെടലാണോ കോണ്‍ഗ്രസിനാവശ്യമെന്ന് അമിത് ഷാ തിരിച്ചടിച്ചതോടെ അധിര്‍ രഞ്ജന്‍ ചൗധരി വെട്ടിലായി. പാക് അധിനിവേശ കശ്മീരും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അമിത് ഷാ വ്യക്തമാക്കി. കശ്മീര്‍ ആഭ്യന്തരവിഷയം മാത്രമായതിനാലാണോ 1948 മുതല്‍ കശ്മീര്‍ വിഷയം യുഎന്‍ നിരീക്ഷണത്തിലായത്. സിംല കരാറും ലാഹോര്‍ പ്രഖ്യാപനവും നടന്നത് ആഭ്യന്തര വിഷയമായതിനാലോണോ, വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയോട് സംസാരിച്ചത് ആഭ്യന്തര കാര്യമായതിനാലാണോ എന്നതായിരുന്നു അധിര്‍ രഞ്ജന്‍ ചൗധരിയുടെ ചോദ്യം. 

ചോദ്യത്തിനിടെ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. അധിര്‍ രഞ്ജന്‍ ചൗധരിയുടെ പ്രസ്താവനക്കെതിരെ ബിജെപി എംപിമാരും രംഗത്തെത്തി. പിന്നീട് തന്‍റെ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്തെന്ന് ചൗധരി പറഞ്ഞു. 

click me!