
ജയ്പൂർ: രാജസ്ഥാനിലെ ചിത്തോർഗഡിലുള്ള സാൻവാലിയ സേത്ത് ക്ഷേത്രത്തിൽ രണ്ട് മാസം കൊണ്ട് കിട്ടിയ കാണിക്കയും സംഭവാനയും കണ്ട് അമ്പരന്ന് ക്ഷേത്രഭാരവാഹികൾ. ഒരു കിലോ വരുന്ന സ്വർണ്ണക്കട്ടി, 23 കോടി രൂപയുമടക്കം റെക്കോർഡ് സംഭവാനയാണ് രണ്ട് മാസം കൊണ്ട് ക്ഷേത്രത്തിൽ വന്നു ചേർന്നത്. ഒരു കിലോ ഭാരമുള്ള ഒരു സ്വർണ്ണ ബിസ്‌കറ്റ്, കോടിത്തണക്കിന് പണം, ഒരു വെള്ളി പിസ്റ്റൾ, വെള്ളി കൈവിലങ്ങുകൾ തുടങ്ങി അപൂർവ്വമായ സംഭാവനകളുടെ വൻ ശേഖരമാണ് ക്ഷേത്രത്തിലെത്തിയത്.
രാജസ്ഥാനിലെ പ്രശ്സതമായ കൃഷ്ണ ക്ഷേത്രമാണ് സാൻവാലിയ സേത്ത് ക്ഷേത്രം. ഇതുവരെയുള്ള കണക്കനുസരിച്ച് 23 കോടി രൂപയാണ് സംഭാവനയായും ഭണ്ഡാരത്തിൽ നിന്നുമായി ലഭിച്ചത്. ഒരു കിലോ തൂക്കമുള്ള സ്വർണ്ണ ബിസ്‌ക്കറ്റാണ് എല്ലാവരെയും അമ്പരപ്പിച്ച കാണിക്കകളിലൊന്ന്. കൂടാതെ ചെറിയ സ്വർണ്ണ ബിസ്‌ക്കറ്റുകൾ, വെള്ളി പുരാവസ്തുക്കൾ, വെള്ളി പിസ്റ്റൾ, വെള്ളി പൂട്ട്, താക്കോൽ, പുല്ലാങ്കുഴൽ തുടങ്ങിയ അതുല്യ വസ്തുക്കളും സംഭാവനയായി എത്തിയിട്ടുണ്ട്. ക്ഷേത്രത്തിൽ ഇതുവരെ കണക്കാക്കിയതിൽ വെച്ച് റെക്കോർഡ് സംഭാവനയാണ് ഇതെന്നാണ് ഭാരവാഹികൾ പറയുന്നത്.
ആദ്യഘട്ട കണക്കെടുപ്പിൽ 11.34 കോടി രൂപയാണ് കണക്കാക്കിയത്. രണ്ടാം ഘട്ടത്തിന് 3.60 കോടി രൂപ ലഭിച്ചു. മൂന്നാം ഘട്ടത്തിൽ 4.27 കോടി രൂപയം ലഭിച്ചു. ഇപ്പോഴുള്ള കണക്കനുസരിച്ച് പണമായി മാത്രം 19.22 കോടി രൂപയുണ്ട്. സംഭാവനപ്പെട്ടികൾ, ഓൺലൈൻ സംഭാവനകൾ, ഭണ്ഡാരപ്പെട്ടികൾ എന്നിവയിൽ നിന്ന് ശേഖരിച്ച സ്വർണ്ണത്തിന്‍റേയും വെള്ളിയുടെയും തൂക്കവും മൂല്യനിർണ്ണയവും തുടരുകയാണ്. ചിറ്റോർഗഢിൽ നിന്ന് 40 കിലോമീറ്റർ അകലെ ചിറ്റോർഗഡ്-ഉദയ്പൂർ ഹൈവേയിൽ സ്ഥിതി ചെയ്യുന്ന സാൻവാലിയ സേത്ത് ക്ഷേത്രം കൃഷ്ണ ഭക്തരുടെ പ്രധാന ആരാധനാലയമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam