രാജസ്ഥാനിലെ ആശുപത്രിയില്‍ രണ്ട് ദിവസത്തിനിടെ 10 നവജാത ശിശുക്കള്‍ മരിച്ചു; അസ്വഭാവികതയില്ലെന്ന് അധികൃതര്‍

By Web TeamFirst Published Dec 27, 2019, 1:59 PM IST
Highlights

അഞ്ച് വീതം ഒരു ദിവസം മുതല്‍ ഒരു വയസ്സ് വരെ പ്രായമുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് മരിച്ചത്. 

കോട്ട: രാജസ്ഥാനിലെ കോട്ടയില്‍ രണ്ട് ദിവസത്തിനിടെ 10 നവജാത ശിശുക്കള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ജെ കെ ലോണ്‍ ആശുപത്രിയിലാണ് കുട്ടികള്‍ മരിച്ചത്. ഡിസംബര്‍ 23ന് ആറ് കുട്ടികളും ഡിസംബര്‍ 24ന് നാല് കുട്ടികളും മരിച്ചു. അഞ്ച് വീതം ഒരു ദിവസം മുതല്‍ ഒരു വയസ്സ് വരെ പ്രായമുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് മരിച്ചത്. അതേസമയം, കുട്ടികളുടെ മരണത്തില്‍ അസ്വഭാവികതയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

രോഗം ഗുരുതരമാകുമ്പോഴാണ് ഈ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്നത്. ദിവസം ശരാശരി ഒന്നുമുതല്‍ മൂന്ന് കുട്ടികള്‍ വരെ ആശുപത്രിയില്‍ മരിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു. രണ്ട് ദിവസത്തിനിടെ 10 കുട്ടികള്‍ മരിച്ചത് കൂടുതലാണെങ്കിലും അസ്വഭാവികതയില്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ. എച്ച് എല്‍ മീണ പറഞ്ഞു. സമീപകാലത്ത് ആശുപത്രിയിലെ ശിശുമരണ നിരക്ക് കുറയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

10 കുട്ടികള്‍ മരിച്ചത് പ്രത്യേകം അന്വേഷിക്കാനും തീരുമാനിച്ചു. മുമ്പ് ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ നവജാത ശിശുക്കള്‍ കൂട്ടത്തോടെ മരിച്ചത് വന്‍ വാര്‍ത്താപ്രാധാന്യം തേടിയിരുന്നു. ബിഹാറിലും സമാന സംഭവമുണ്ടായിരുന്നു.

click me!