തന്‍റെ പ്രസ്താവനയെ വളച്ചൊടിച്ചു; എന്‍പിആറിനെ എതിര്‍ക്കേണ്ടത് ചെറുപുഞ്ചിരിയോടെ: അരുന്ധതി റോയ്

By Web TeamFirst Published Dec 27, 2019, 1:18 PM IST
Highlights

എന്‍പിആറിനായി വിവര ശേഖരണത്തിന് എത്തുന്നവരോട് തെറ്റായ വിവരം നല്‍കണമെന്നല്ല, പുഞ്ചിരിയോടെ നിസ്സഹകരിക്കണമെന്നാണ് താന്‍ പറഞ്ഞതെന്നും അവര്‍ വ്യക്തമാക്കി.

ദില്ലി: ദേശീയ ജനസംഖ്യ രജിസ്റ്ററിലേക്ക് വിവരങ്ങള്‍ ശേഖരിക്കാന്‍ വരുന്ന ഉദ്യോഗസ്ഥരോട് തെറ്റായ പേരും മേല്‍വിലാസവും പറയാന്‍ നിര്‍ദേശിച്ചതില്‍ വിശദീകരണവുമായി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. ദില്ലി യൂണിവേഴ്സിറ്റിയില്‍ നടത്തിയ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ചെന്നും അവര്‍ പറഞ്ഞു. എന്‍പിആറിനായി വിവര ശേഖരണത്തിന് എത്തുന്നവരോട് തെറ്റായ വിവരം നല്‍കണമെന്നല്ല, പുഞ്ചിരിയോടെ നിസ്സഹകരിക്കണമെന്നാണ് താന്‍ പറഞ്ഞതെന്നും അവര്‍ വ്യക്തമാക്കി.

എന്‍റെ പ്രസംഗത്തിന്‍റെ പൂര്‍ണ രൂപം മാധ്യമങ്ങളുടെ പക്കലുണ്ട്. അവര്‍ അത് സംപ്രേഷണം ചെയ്തിട്ടില്ലെന്ന് മാത്രമല്ല, തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്തു. ഭാഗ്യവശാല്‍ പ്രസംഗം പൂര്‍ണമായി യൂട്യൂബില്‍ ഉണ്ടെന്നും അരുന്ധതി റോയ് പറഞ്ഞു. 

ദേശീയ ജനസംഖ്യ രജിസ്റ്റര്‍ ‍(എന്‍പിആര്‍) ദേശീയ പൗരത്വപട്ടികയ്ക്കുള്ള മുന്നൊരുക്കമാണെന്നും വിവരം ശേഖരിക്കാനെത്തുന്നവര്‍ക്ക് തെറ്റായ വിവരം നല്‍കണമെന്നും അഭിപ്രായപ്പെട്ട അരുന്ധതി റോയിക്കെതിരെ പൊലീസിന് പരാതി ലഭിച്ചിരുന്നു. തിലക് മാർഗ് പൊലീസിനാണ് അരുദ്ധതി റോയ്ക്കെതിരായ പരാതി ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി അരുന്ധതി റോയ് എത്തിയത്.

click me!