
ചണ്ഡിഗഡ്: ഹരിയാന നിയമസഭയിൽ മുനി തരുൺ സാഗർ മഹാരാജ നടത്തിയ പ്രസംഗത്തെ പരിഹസിച്ചവര്‍ക്ക് 10 ലക്ഷം രൂപ പിഴ വിധിച്ച് ഹരിയാന ഹെെക്കോടതി. സംഗീത സംവിധായകനായ വിശാല്‍ ദാദ്‍ലാനി, രാഷ്ട്രീയക്കാരനായ തെഹ്‍സീന്‍ പൂനാവാല എന്നിവരാണ് പത്തു ലക്ഷം വീതം പിഴ ഒടുക്കേണ്ടത്. ഇരുവരും പ്രസിദ്ധി ലഭിക്കുന്നതിനായാണ് തരുൺ സാഗർ മഹാരാജ പരിഹസിച്ചതെന്ന് കോടതി വിലയിരുത്തി.
2016 ഓഗസ്റ്റ് 25നാണ് മുനി തരുൺ സാഗർ മഹാരാജ ഹരിയാന നിയമസഭയെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ഇത് രാജ്യത്ത് വലിയ ചര്‍ച്ചയായതിന് പിന്നാലെ ഇത്തരം ആളുകള്‍ക്ക് വോട്ടു ചെയ്താല്‍ ഇതുപോലുള്ള അസംബന്ധങ്ങള്‍ കാണേണ്ടിവരുമെന്നാണ് വിശാല്‍ ട്വീറ്റ് ചെയ്തത്.
ആം ആദ്മിയെ പിന്തുണയ്ക്കുന്ന വിശാലിനെതിരെ അരവിന്ദ് കേജ്‍രിവാള്‍ അടക്കം രംഗത്ത് വന്നതും അന്ന് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഒരു സ്ത്രീ നഗ്നയായി എത്തിയാല്‍ അവളെ വേശ്യയെന്ന് വിളിക്കുമെന്നും ചിലര്‍ നിയമസഭയില്‍ നഗ്നനായി വന്നാല്‍ അതിനെ വിശുദ്ധമാക്കുമെന്നുമായിരുന്നു തെഹ്‍സീന്‍ പൂനാവാലയുടെ വിമര്‍ശനം.
ഹരിയാന നേരിടുന്ന പെണ്‍ഭ്രൂണഹത്യയെക്കുറിച്ചൊക്കെയാണ് അന്ന് ഹരിയാന നിയമസഭയില്‍ മുനി തരുൺ സാഗർ മഹാരാജ് സംസാരിച്ചത്. രാജ്യത്തു സ്ത്രീ – പുരുഷ അനുപാതം വർധിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 1000 പുരുഷന്മാർക്കു 990 സ്ത്രീകളാണ് ഇപ്പോഴുള്ളത്. ഇതിനർഥം 10 പുരുഷന്മാർ വിവാഹം കഴിക്കാതിരിക്കണമെന്നാണ്. ഇതു വിഷമകരമായ സ്ഥിതിയാണ്. ഇതു വർധിപ്പിക്കാൻ പല കാര്യങ്ങൾ ചെയ്യാം. പെൺമക്കളുള്ള രാഷ്ട്രീയക്കാർക്കു തിരഞ്ഞെടുപ്പിൽ മുൻഗണന നൽകണം.
പെൺകുട്ടികളുള്ള വീടുകളിൽനിന്നുള്ളവർക്കു മാത്രമേ പെൺമക്കളെ വിവാഹം ചെയ്തു കൊടുക്കൂ എന്നു മാതാപിതാക്കൾ തീരുമാനിക്കണം. അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ രാജ്യാന്തര ബന്ധങ്ങളെ പരാമര്‍ശിച്ച ഇദ്ദേഹം പാകിസ്ഥാനെക്കുറിച്ചു പരാമര്‍ശിച്ചു. പാകിസ്ഥാന്‍ ഭീകരവാദത്തെ കയറ്റിഅയക്കുകയാണെന്ന് പറഞ്ഞ മുനി തരുൺ സാഗർ ശിവന് ബ്രഹ്മാസുരന്‍ ഉണ്ടാക്കിയ രീതിയിലുള്ള പ്രശ്നമാണ് ഇന്ത്യയ്ക്ക് പാകിസ്ഥാന്‍ ഉണ്ടാക്കുന്നത് എന്ന് അഭിപ്രായപ്പെട്ടു. തെറ്റുകള്‍ മാത്രം ചെയ്യുന്ന ഒരു രാജ്യം ഉണ്ടെങ്കില്‍ അത് പാകിസ്ഥാന്‍ ആണെന്ന് മുനി തരുണ്‍ സാഗര്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam