
ദില്ലി: വിമാനം പറത്തുന്നതിന് മുന്നോടിയായി നടത്തിയ ആൾക്കഹോൾ ടെസ്റ്റിൽ പരാജയപ്പെട്ട പൈലറ്റിനെ റീജിയണൽ ഡയറക്ടറായി സ്ഥാനക്കയറ്റം നൽകി എയർ ഇന്ത്യ. ഫ്‌ളൈയിങ് ലൈസന്‍സ് നഷ്ടപ്പെട്ട പൈലറ്റ് അരവിന്ദ് കത്പാലിയയ്ക്കാണ് എയര്‍ ഇന്ത്യ സ്ഥാനക്കയറ്റം നല്‍കിയത്. വടക്കൻ മേഖലയുടെ ഡയറക്ടറായി കത്പാലിയ ഇന്ന് ചുമതലയേൽക്കുമെന്ന് എയർ ഇന്ത്യ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
വടക്കൻ മേഖലയുടെ റീജിയണ്‍ ഡയറക്ടറായിരുന്ന പങ്കജ് കുമാറിന്റെ ഒഴിവിലേക്കാണ് കത്പാലിയയുടെ നിയമനം. കഴിഞ്ഞ വർഷം നവംബറില്‍ ദില്ലി-ലണ്ടൻ വിമാനം പറത്തുന്നതിന് മുമ്പ് നടത്തിയ ബ്രീത്ത് അനലൈസര്‍ ടെസ്റ്റിലാണ് കത്പാലിയ പിടിയിലായത്. ഇതേ തുടർന്ന് മൂന്ന് വർഷത്തേക്ക് പൈലറ്റ് ലൈസൻസ് ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടർ ജനറൽ, കത്പാലിയെ സസ്പെന്റ് ചെയ്തിരുന്നു.
ഇതിനു മുൻപും ബ്രീത്ത് അനലൈസര്‍ ടെസ്റ്റിന് വിധേയനാവാന്‍ വിസമ്മതിച്ചതിനെ തുടർന്ന് മൂന്ന് മാസത്തേക്ക് കത്പാലിയയെ സസ്പെൻഡ് ചെയ്തിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം കത്പാലിയയ്ക്ക് സ്ഥാനക്കയറ്റം നൽകിയതിൽ അപലപിച്ചുകൊണ്ട് എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സംഘടനയായ ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ പൈലറ്റ്‌സ് അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam