ഇന്ത്യയും ബംഗ്ലാദേശും അടുത്ത ലക്ഷ്യങ്ങളെന്ന് സൂചന നല്‍കി ഐഎസ്

By Web TeamFirst Published May 1, 2019, 10:59 AM IST
Highlights

അബു മുഹമ്മദ് അല്‍ ബംഗാളിയുടെ പേരില്‍ ബംഗാളി ഭാഷയില്‍ പുറത്തിറക്കിയ പോസ്റ്റര്‍ ഇന്ത്യയും ബംഗ്ലാദേശും ലക്ഷ്യമിടുന്നതിന്‍റെ സൂചനയാണെന്ന് ഇന്‍റലിജന്‍റ്സ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദില്ലി: അടുത്ത ലക്ഷ്യങ്ങള്‍ ഇന്ത്യയും ബംഗ്ലാദേശുമാണെന്ന സൂചന നല്‍കി ഭീകര സംഘടനയായ ഐഎസ്. ഐഎസിന്‍റെ പ്രാദേശിക തലവന്‍ അബു മുഹമ്മദ് അല്‍ ബംഗാളിയുടെ പേരില്‍ ബംഗാളി ഭാഷയില്‍ പുറത്തിറക്കിയ പോസ്റ്റര്‍ ഇന്ത്യയും ബംഗ്ലാദേശും ലക്ഷ്യമിടുന്നതിന്‍റെ സൂചനയാണെന്ന് ഇന്‍റലിജന്‍റ്സ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  

'ബംഗാളിലെയും ഹിന്ദിലെയും ഖലീഫയുടെ പോരാളികള്‍ നിശബ്ദരാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഓര്‍ത്തുകൊള്ളുക ഞങ്ങളുടെ ആളുകള്‍ ഒരിക്കലും നിശബ്ദരാവില്ല. ഞങ്ങള്‍ പ്രതികാരദാഹികളാണ്. ഞങ്ങളെ ഒരിക്കലും നിങ്ങള്‍ക്ക് തുടച്ചുനീക്കാനാവില്ല'- പോസ്റ്ററില്‍ പറയുന്നു.
പോസ്റ്റര്‍ പുറത്തിറക്കിയ ശേഷം ധാക്കയിലെ സിനിമ തിയറ്ററിന് സമീപം ചെറിയ സ്ഫോടനം നടന്നു. ഐഎസ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദിയുടെ പ്രസ്താവനയുടെ ബംഗാളി വിവര്‍ത്തനം  ധാക്ക സ്ഫോടനത്തിന് ശേഷം പുറത്തിറക്കിയിരുന്നു. ഐഎസ് അനുകൂല ടെലഗ്രാം ഗ്രൂപ്പില്‍ ബംഗാളിയില്‍ ഞങ്ങള്‍ ഉടന്‍ വരും എന്ന സന്ദേശവും പ്രചരിച്ചിരുന്നു.

ബംഗ്ലാദേശിലെ സംഭവ വികാസങ്ങള്‍ ഇന്ത്യന്‍ ഇന്‍റലിജന്‍റ്സ് വിഭാഗങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. കൊല്‍ക്കത്തയും ബംഗാളിലെ മറ്റ് നഗരങ്ങളും സമീപ സംസ്ഥാനങ്ങളും കടുത്ത നീരീക്ഷണത്തിലാണ്. 

ഇറാഖിലും സിറിയയിലുമേറ്റ തിരിച്ചടികള്‍ക്ക് ശേഷം മറ്റ് രാജ്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഐഎസ് നീക്കമെന്ന് അന്താരാഷ്ട്ര തലത്തില്‍ മുന്നറിയിപ്പുകളുണ്ടായിരുന്നു. ഐഎസ് ബന്ധമുള്ള പ്രാദേശിക ഭീകര സംഘനകളെ ഏകോപിപ്പിച്ച് ആക്രമണം നടത്തുകയാണ് ലക്ഷ്യം. അതിന്‍റെ പരീക്ഷണശാലയായിരുന്നു ശ്രീലങ്കയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ശ്രീലങ്കയിലെ പ്രാദേശിക സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്ത് എന്ന സംഘടനയെയാണ് ഭീകരാക്രമണത്തിന് നിയോഗിച്ചത്. ശ്രീലങ്കയിലെ ചാവേര്‍ ആക്രമണത്തില്‍ 251 പേരാണ് കൊല്ലപ്പെട്ടത്. 

ഐഎസിന്‍റെ ശക്തി ക്ഷയിച്ചിട്ടില്ലെന്ന് വ്യക്തമാക്കാനാണ് അഞ്ച് വര്‍ഷത്തിന് ശേഷം തലവന്‍ അബൂബക്കര്‍ അല്‍-ബാഗ്ദാദിയുടെ വീഡിയോ പുറത്തുവിട്ടത്. കേരളത്തില്‍ ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടെന്ന് ആരോപിച്ച് ഐഎസ് ബന്ധമുള്ള യുവാവിനെ പാലക്കാട് നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.

click me!