
അഹമ്മദാബാദ്: അച്ഛനെക്കാൾ ഒരു വയസ് മാത്രം പ്രായക്കുറവുള്ളയാൾക്ക് പത്ത് വയസുകാരിയായ ആദിവാസി പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചു നൽകി. അരലക്ഷം രൂപയ്ക്കുള്ള വിൽപ്പനയായാണ് ഇതിനെ പൊലീസ് കാണുന്നത്. ഗുജറാത്തിലെ ബനസ്‌കന്തയിലാണ് സംഭവം.
ഭർത്താവിന്റെ സഹോദരിയുടെ വീട്ടിൽ നിന്നും രക്ഷപ്പെടുത്തിയ പെൺകുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയതായി ഗുജറാത്ത് പൊലീസ് എസിപി കെഎം ജോസഫ് പറഞ്ഞു. വിവാഹത്തിന്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് കേസിൽ പൊലീസ് നടപടി. പൊലീസ് അന്വേഷണത്തിലാണ് ഇത് വിവാഹരൂപത്തിലുള്ള വിൽപ്പനയാണെന്ന് വ്യക്തമായത്.
ഗോവിന്ദ് താക്കൂർ എന്നയാളാണ് പെൺകുട്ടിയെ വിവാഹം കഴിച്ചത്. രണ്ട് മാസം മുൻപ് ബനസ്‌കന്തയ്ക്കടുത്ത് നടന്ന ആഘോഷത്തിനിടെ ജഗ്മൽ ഗമർ എന്ന ഏജന്റാണ് പെൺകുട്ടിയെ താക്കൂറിന് കാണിച്ചുകൊടുത്തത്. ഒന്നര ലക്ഷം രൂപയ്ക്കാണ് ഇവർ തമ്മിൽ ധാരണയിലെത്തിയത്. എന്നാൽ ആദ്യഘട്ടമായി 50000 രൂപയാണ് നൽകിയത്.
വിവാഹശേഷം പെൺകുട്ടിയെ തിരികെ സ്വന്തം വീട്ടിലെത്തിക്കാൻ പിതാവ് ശ്രമിച്ചിരുന്നു. കിട്ടാനുള്ള ഒരു ലക്ഷം രൂപയുടെ കാര്യത്തിൽ ധാരണയാകാതിരുന്ന സാഹചര്യത്തിലായിരുന്നു ഇത്. എന്നാൽ താക്കൂർ പെൺകുട്ടിയെ പിടിച്ചുവെച്ചു. പെൺകുട്ടിയുടെ പിതാവിനും ഗോവിന്ദ് താക്കൂറിനും ഏജന്റിനുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam