
പ്രയാഗ്‍രാജ്: ഉത്തര്‍പ്രദേശില്‍ മൊബൈല്‍ ടവര്‍ മോഷണം പോയെന്ന് പരാതി. 10000 കിലോഗ്രാം ഭാരവും 50 മീറ്റർ ഉയരവുമുള്ള മൊബൈൽ ടവർ മോഷണം പോയെന്നാണ് ഒരു ടെക്നീഷ്യന്‍ പരാതിപ്പെട്ടത്. ഉത്തർപ്രദേശിലെ കൗശാമ്പി ജില്ലയിലെ ഉജ്ജൈനി ഗ്രാമത്തിലാണ് സംഭവം. എന്നാല്‍ ടവര്‍ മോഷണം പോയതല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു.
നവംബർ 29നാണ് രാജേഷ് കുമാര്‍ യാദവ് എന്ന ടെക്നീഷ്യന്‍ ടവര്‍ മോഷ്ടിക്കപ്പെട്ടെന്ന് പൊലീസിനെ അറിയിച്ചത്. ടെക്നീഷ്യന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഐപിസി സെക്ഷൻ 379 (മോഷണം) പ്രകാരം എഫ്ഐആർ രജിസ്റ്റര്‍ ചെയ്തു. ഉജ്ജൈനി സ്വദേശിയായ ഉബൈദുള്ളയുടെ വയലിൽ സ്ഥാപിച്ച മൊബൈല്‍ ടവര്‍ മോഷണം പോയെന്നാണ് രാജേഷ് കുമാര്‍ യാദവിന്‍റെ പരാതിയില്‍ പറയുന്നത്. മാര്‍ച്ച് 31ന് ശേഷമാണ് ടവര്‍ കാണാതായതെന്നും പരാതിയിലുണ്ട്. എന്നിട്ടും പൊലീസിനെ അറിയിക്കാന്‍ എട്ട് മാസം വൈകിയതെന്തെന്ന് വ്യക്തമായിരുന്നില്ല.
8.5 ലക്ഷം രൂപ വിലമതിക്കുന്നതാണ് ടവര്‍. ഷെൽട്ടർ, ഇലക്ട്രിക്കൽ ഫിറ്റിംഗ് ഉള്‍പ്പെടെ അനുബന്ധ ഉപകരണങ്ങളും സ്ഥലത്ത് കാണാനില്ല. സന്ദീപൻ ഘട്ട് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി, എന്നാല്‍ അന്വേഷണത്തിന് ശേഷം പൊലീസ് അറിയിച്ചത് ടവര്‍ മോഷണം പോയതല്ലെന്നാണ്. സ്ഥലമുടമയുമായുള്ള കരാര്‍ കാലാവധി അവസാനിച്ചതിനാല്‍ ടവര്‍ അവിടെ നിന്ന് മാറ്റിയതാണെന്നാണ് കമ്പനി അധികൃതര്‍ പറഞ്ഞതെന്ന് കൗശാമ്പി എസ്പി ബ്രിജേഷ് കുമാര്‍ ശ്രീവാസ്തവ അറിയിച്ചു. ഇത് സംബന്ധിച്ച് കൃത്യമായ രേഖകളുണ്ടെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. അപ്പോള്‍ പിന്നെ എന്തിനാണ് കമ്പനിയുടെ ടെക്നീഷ്യന്‍ ഇത്തരമൊരു പരാതി പൊലീസില്‍ നല്‍കിയതെന്ന് വ്യക്തമല്ല. ഓണ്‍ലൈനായാണ് രാജേഷ് കുമാര്‍ യാദവ് പരാതി നല്‍കിയത്. ഇയാളുടെ പ്രയാഗ്‍രാജിലെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും രാജേഷ് കുമാര്‍ അവിടെ ഉണ്ടായിരുന്നില്ല. രാജേഷിനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.
മുന്‍പും സമാനമായ സംഭവങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബിഹാറിൽ 60 അടി നീളമുള്ള ഇരുമ്പ് പാലം മോഷ്ടിക്കപ്പെട്ടിരുന്നു. പാലം പൊളിച്ചുകൊണ്ട് പോവുകയായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയാണ് കള്ളന്മാര്‍ പാലം പൊളിച്ചുകൊണ്ടുപോയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം