Asianet News MalayalamAsianet News Malayalam

10 ലക്ഷം വരെ പിഴ, സിം കാര്‍ഡ് ഇനി തോന്നുംപോലെ വാങ്ങാനോ വില്‍ക്കാനോ പറ്റില്ല, ഡിസംബർ 1 മുതൽ പുതിയ നിയമം

വ്യാജ സിം കാര്‍ഡ് തട്ടിപ്പുകള്‍ പെരുകുന്ന സാഹചര്യത്തിലാണ് ടെലികോം വകുപ്പ് നിയമം കടുപ്പിക്കുന്നത്. 

New SIM Card Rules From December 1 in India Details Here
Author
First Published Nov 30, 2023, 10:39 AM IST

പുതിയൊരു സിം എടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ? നിങ്ങള്‍ സിം കാര്‍ഡ് വില്‍ക്കുന്നയാളാണോ? രണ്ട് കൂട്ടരും പുതിയ സിം കാര്‍ഡ് നിയമങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം. നിയമം ലംഘിച്ചാല്‍ 10 ലക്ഷം രൂപ വരെ പിഴയടക്കേണ്ടിവരും. വ്യാജ സിം കാര്‍ഡ് തട്ടിപ്പുകള്‍ പെരുകുന്ന സാഹചര്യത്തിലാണ് ടെലികോം വകുപ്പ് നിയമം കടുപ്പിക്കുന്നത്. 

സിം കാര്‍ഡ് ഡീലര്‍മാര്‍ക്ക് വെരിഫിക്കേഷന്‍ ഉണ്ടാകും. പൊലീസ് വെരിഫിക്കേഷനും ബയോമെട്രിക് രജിസ്ട്രേഷനും നിര്‍ബന്ധമാണ്. ഇതിന്‍റെ ഉത്തരവാദിത്തം ടെലികോം ഓപ്പറേറ്റർമാര്‍ക്കാണ്. സിം കാര്‍ഡ് വില്‍പ്പന നടത്തുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം. ഇത് കൃത്യമായി പാലിച്ചില്ലെങ്കില്‍ 10 ലക്ഷം രൂപ പിഴ ഈടാക്കും. തടവു ശിക്ഷയും ലഭിക്കും. നിയമം ലംഘിച്ചാല്‍ ഡീലര്‍ഷിപ്പ് മൂന്ന് വര്‍ഷം വരെ റദ്ദാക്കും.

വാങ്ങാന്‍ കഴിയുന്ന സിം കാർഡുകളുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. ബിസിനസ് കണക്ഷനിലൂടെ മാത്രമേ വ്യക്തികൾക്ക് വലിയ തോതില്‍ (ബള്‍ക്കായി) സിം കാർഡുകൾ സ്വന്തമാക്കാനാവൂ. അതേസമയം സാധാരണ ഉപയോക്താക്കൾക്ക് ഇപ്പോഴും ഒരു ഐഡിയിൽ 9 സിം കാർഡുകൾ വരെ ലഭിക്കും. ക്യൂആര്‍ കോഡ് സ്കാനിംഗിലൂടെയാണ് ആധാര്‍ വിവരങ്ങളെടുക്കുക. കെവൈസി നിര്‍ബന്ധമാണ്. എവിടെ താമസിക്കുന്നു എന്നതുള്‍പ്പെടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കും. ഒരാള്‍ ഫോണ്‍ നമ്പര്‍ നമ്പര്‍ ഡീ ആക്റ്റിവേറ്റ് ചെയ്താല്‍ 90 ദിവസത്തിന് ശേഷമേ ആ നമ്പര്‍ മറ്റൊരാള്‍ക്ക് അനുവദിക്കൂ.  

പുതിയ നിയന്ത്രണങ്ങള്‍ ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് നേരത്തെ സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ നടപ്പാക്കല്‍ പിന്നീട് രണ്ട് മാസത്തേക്ക് നീട്ടിവെയ്ക്കുകയായിരുന്നു. വ്യാജ മാർഗത്തിലൂടെ നേടിയ 52 ലക്ഷത്തിലധികം കണക്ഷനുകൾ ഇതിനകം നിർജ്ജീവമാക്കിയതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു.  മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ റിപ്പോർട്ട് ചെയ്യുന്നതിനും ബ്ലോക്ക് ചെയ്യുന്നതിനുമായി സഞ്ചാർ സാഥി പോർട്ടൽ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. അനധികൃത മൊബൈൽ കണക്ഷനുകൾ തിരിച്ചറിയുന്നതിനായി എഐ അടിസ്ഥാനമാക്കിയുള്ള സോഫ്‌റ്റ്‌വെയർ എഎസ്ടിആര്‍ (ASTR) വികസിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios