
റായ്‌പൂർ: ഛത്തീസ്‌ഗഡിലെ ബസ്‌തറിൽ 108 മാവോയിസ്റ്റുകൾ കീഴടങ്ങി.ബുധനാഴ്ചയാണ് 44 സ്ത്രീകൾ ഉൾപ്പെടെയുള്ള മാവോയിസ്റ്റുകൾ കീഴടങ്ങിയത്. തോക്കുകൾ, എകെ 47 പിഎആർജി, ഇൻസാസ് റൈഫിൾ, കാർബൈൻ, റൈഫിളുകൾ, ബിജിഎൽ ഉൾപ്പെടെ 101 ആയുധങ്ങളും 3.61 കോടി രൂപ പണവും 1.64 കോടി രൂപ വില വരുന്ന സ്വർണവും അടക്കമാണ് മാവോയിസ്റ്റ് സംഘം കീഴടങ്ങിയത്. കീഴടങ്ങിയ സംഘത്തിൽ
6 ഡിവിസിഎം ലെവൽ നക്‌സലൈറ്റുകൾ, 3 കമ്പനി പ്ലാറ്റൂൺ അംഗങ്ങൾ, 18 പിപിസിഎം അംഗങ്ങൾ, 23 ഏരിയ കമ്മിറ്റി അംഗങ്ങൾ, 56 പാർട്ടി അംഗങ്ങൾ എന്നിവർ ഉൾപ്പെടുന്നതായാണ് അധികൃതർ വിശദമാക്കിയത്. വലിയ രീതിയിലുള്ള ആയുധ ശേഖരമായിരുന്നു ഇവരുടെ പക്കലുണ്ടായിരുന്നത്. നക്സൽ വിരുദ്ധ പ്രവർത്തനങ്ങൾക്കിടയിൽ ഏറ്റവുമധികം പണവും സ്വർണവുമായാണ് ഈ സംഘത്തിന്റെ കീഴടങ്ങലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. 125 പവനോളം സ്വർണമാണ് സംഘത്തിൽ നിന്ന് കണ്ടെത്തിയത്. കീഴങ്ങിയ സംഘത്തിലെ ആറ് പേരുടെ തലയ്ക്ക് 8 ലക്ഷം രൂപ വീതം പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ഛത്തീസ്‌ഗഡിനെ നക്‌സലിസത്തിൽ നിന്ന് മുക്തമാക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ കീഴടങ്ങലെന്നാണ് ഉപമുഖ്യമന്ത്രി വിജയ് ശർമ്മ വിശദമാക്കുന്നത്. പുനർജന്മത്തിലൂടെ പുനരധിവാസം എന്ന് അർത്ഥം വരുന്ന പൂന മാർദം എന്ന സർക്കാർ പദ്ധതിയുടെ കീഴിലാണ് മാവോയിസ്റ്റുകളുടെ കൂട്ടത്തോടെയുള്ള കീഴടങ്ങൽ.
ജഗദൽപൂരിലെ ബസ്‌തർ ഡിവിഷൻ ആസ്ഥാനത്ത് ദണ്ഡകാരണ്യ സ്‌പെഷ്യൽ സോണൽ കമ്മിറ്റിയിലെ (ഡികെഎസ്‌ഇസഡ്‌സി) 108 മാവോയിസ്റ്റ് കേഡർമാർ ആണ് കീഴടങ്ങിയത്. കീഴടങ്ങിയ 108 മാവോയിസ്റ്റുകൾക്ക് 3.95കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അവർ ബിജാപൂർ, നാരായൺപൂർ, ബസ്‌തർ, കാങ്കർ, സുക്‌മ, ദന്തേവാഡ ജില്ലകളിൽ നിന്നുള്ളവരാണ്.കീഴടങ്ങിയ മാവോയിസ്റ്റുകൾക്ക് മൂന്ന് വർഷത്തിന് ശേഷം പുനരധിവാസ തുക ലഭിക്കും. അത് അവരുടെ അക്കൗണ്ടുകളിലേക്ക് മാറ്റും. കീഴടങ്ങുമ്പോൾ നക്‌സലൈറ്റുകൾക്ക് ഓരോരുത്തർക്കും 50,000 രൂപ വീതം നൽകുമെന്നുമാണ് സർക്കാർ പ്രഖ്യാപനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam