ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞു; ബന്ധുക്കളെ യാത്രയാക്കാനെത്തിയ 12 പേർ വന്ദേഭാരതിൽ കുടുങ്ങി; 36,000 രൂപ പിഴ

Published : Nov 18, 2026, 04:11 PM IST
vande bharat

Synopsis

നിശ്ചിത സമയം കഴിഞ്ഞപ്പോൾ വന്ദേഭാരത് ട്രെയിനിലെ ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെയാണ് ബന്ധുക്കളെ യാത്രയാക്കാനായി ട്രെയിനിൽ കയറിയ 12 പേർ കുടുങ്ങിപ്പോയത്. ഒടുവിൽ 140 കിലോമീറ്റർ അകലെയുള്ള സ്റ്റേഷനിൽ ട്രെയിൻ നിർത്തിയാണ് ഇവരെ പുറത്തിറക്കിയത്.

ലഖ്നൗ: ബന്ധുക്കളെ യാത്രയാക്കാനെത്തി വന്ദേഭാരത് ട്രെയിനിൽ കുടുങ്ങിയ 12 പേർക്ക് 36,000 രൂപ പിഴ. കഴിഞ്ഞദിവസം ഉത്തർപ്രദേശിലാണ് സംഭവം. നിശ്ചിത സമയം കഴിഞ്ഞപ്പോൾ വന്ദേഭാരത് ട്രെയിനിലെ ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെയാണ് ബന്ധുക്കളെ യാത്രയാക്കാനായി ട്രെയിനിൽ കയറിയ 12 പേർ കുടുങ്ങിപ്പോയത്. ഒടുവിൽ 140 കിലോമീറ്റർ അകലെയുള്ള സ്റ്റേഷനിൽ ട്രെയിൻ നിർത്തിയാണ് ഇവരെ പുറത്തിറക്കിയത്. ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയതിന് ഓരോരുത്തർക്കും 3000 രൂപ വീതം ആകെ 36,000 രൂപ പിഴ ചുമത്തുകയും ചെയ്തു.

വാരണാസി-ന്യൂഡൽഹി വന്ദേഭാരത് എക്സ്പ്രസിൽ യാത്രചെയ്യേണ്ട ബന്ധുക്കളെ യാത്രയാക്കാനായാണ് കുടുംബാം​ഗങ്ങളായ മറ്റുള്ളവരും കാൻപുർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ട്രെയിൻ സ്റ്റേഷനിൽ എത്തിയതോടെ യാത്രചെയ്യേണ്ടവർക്കൊപ്പം ബന്ധുക്കളായ 12 പേരും ട്രെയിനിൽ കയറി. യാത്രചെയ്യേണ്ടവരുടെ ല​ഗേജുകൾ എടുത്തുവെയ്ക്കാനും സഹായിക്കാനുമായി ട്രെയിനിൽ കയറിയെന്നാണ് ഇവർ പറയുന്നത്. എന്നാൽ, നിശ്ചിത സമയം കഴിഞ്ഞതോടെ വന്ദേഭാരത് ട്രെയിനിലെ ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞു. ഇതോടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള 12 പേർക്ക് ട്രെയിനിൽനിന്ന് ഇറങ്ങാനായില്ല. പിന്നാലെ ട്രെയിൻ പ്ലാറ്റ്ഫോമിൽനിന്ന് പുറപ്പെടുകയുംചെയ്തു. ഇതോടെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന മറ്റുബന്ധുക്കളും ആശങ്കയിലായി.

ട്രെയിൻ പുറപ്പെട്ടതോടെ കുടുങ്ങിപ്പോയ 12 പേരും ട്രെയിനിലെ ജീവനക്കാരോട് ട്രെയിൻ നിർത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത്തരത്തിൽ ട്രെയിൻ നിർത്താനും വാതിലുകൾ തുറക്കാനും കഴിയില്ലെന്ന് ജീവനക്കാർ അറിയിച്ചു. ടിടിഇ ഉൾപ്പെടെയുള്ളവർ തുണ്ട്ല റെയിൽവേ കൺട്രോൾ റൂമിലേക്കും വിവരം കൈമാറി. തുടർന്ന് കൺട്രോൾ റൂമിൽനിന്നുള്ള നിർദേശപ്രകാരം 140 കിലോമീറ്റർ അകലെയുള്ള ഇട്ടാവ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് നിർത്തി 12 പേരെയും പുറത്തിറക്കുകയായിരുന്നു.

ആർപിഎഫും റെയിൽവേ പൊലീസും ചേർന്നാണ് 12 പേരെയും ട്രെയിനിൽനിന്ന് പുറത്തിറക്കിയത്. ആർപിഎഫ് ഓഫീസിലെത്തിച്ച് ഇവരുടെ മൊഴിയും രേഖപ്പെടുത്തി. തുടർന്ന് സാധുവായ ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയതിന് ഓരോരുത്തർക്കും 3000 രൂപ വീതം പിഴ ചുമത്തുകയായിരുന്നു. പിഴ അടച്ചശേഷം എല്ലാവരെയും വിട്ടയക്കുകയുംചെയ്തു.

വന്ദേഭാരത് ട്രെയിനുകളിൽ ഓട്ടോമാറ്റിക് ഡോർ സംവിധാനമാണുള്ളത്. ട്രെയിൻ സ്റ്റേഷനിൽ നിർത്തിക്കഴിഞ്ഞാൽ മാത്രമേ ഓട്ടോമാറ്റിക് വാതിലുകൾ തുറക്കുകയുള്ളൂ. സ്റ്റോപ്പുള്ള സ്റ്റേഷനിലെ അനുവദനീയമായ സമയം കഴിഞ്ഞാൽ വാതിലുകൾ ഓട്ടോമാറ്റിക്കായി അടയും. യാത്രക്കാർക്ക് വാതിലുകൾ തുറക്കാനോ അടയ്ക്കാനോ സാധ്യമല്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിരുദം പൂർത്തിയാക്കിയില്ല, ആശാരിപ്പണി വിട്ട് തീവ്രവാദത്തിലേക്ക്; ലത്തീഫ് ഭട്ടിനെ വധിച്ചതിന് പിന്നാലെ ആഹ്ലാദം പ്രകടിപ്പിച്ച് സൈന്യം
കരുത്താർജ്ജിച്ച് 'അക്വാൻ' ചുഴലിക്കാറ്റ്; മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത, അന്തരീക്ഷ ചക്രവാതച്ചുഴിയും