
ഛത്തീസ്ഗഢ്: ലോക്ക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് ജോലി ഇല്ലാത്തതിനാൽ വീട്ടിലേക്ക് തിരികെ നടന്ന പന്ത്രണ്ട് വയസ്സുകാരി വഴിയിൽ വീണു മരിച്ചു. തെലങ്കാനയിലെ മുളകുപാടത്ത് ജോലിക്ക് പോയ ജമോലോ മദ്കം എന്ന പന്ത്രണ്ട് വയസ്സുകാരിയാണ് ബീജാപൂരിലെ വീട്ടിലെത്താൻ 100 കിലോമീറ്റർ നടന്നത്. വീട്ടിലെത്താൻ വെറും 11 കിലോമീറ്റർ അവശേഷിക്കെയാണ് ജമോലോ വീണു മരിച്ചത്. രണ്ട് മാസം മുമ്പാണ് ഗോത്രവർഗക്കാരായ അന്തോറാമിന്റെയും സുകാമതി മദ്കോമിന്റെയും മകളായ ജമോലോ മദ്കം തെലങ്കാനയിലെ മുളക് പാടത്ത് ജോലിക്കായി പോയത്. എന്നാൽ ലോക്ക് ഡൗൺ നീട്ടി വച്ചതിനെ തുടർന്ന് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം ഇവർ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
അന്തോറാമിന്റെയും സുകാമതിയുടെയും ഏകമകളാണ് ജമോലോ. ആദ്യമായിട്ടാണ് ജമോലോ ജോലിക്ക് പോകുന്നതെന്ന് ഇവർ പറയുന്നു. ഗ്രാമത്തിലെ ചില സ്ത്രീകളുടെ ഒപ്പമാണ് പോയത്. ഛത്തീസ്ഗഢിലെ ഗോത്രവിഭാഗക്കാർ വർഷത്തിലൊരിക്കൽ തെലങ്കാനയിലെ മുളക്പാടങ്ങളിൽ ജോലിക്കായി പോകാറുണ്ട്. ഏപ്രിൽ 16നാണ് തെലങ്കാനയിലെ പെരുരു ഗ്രാമത്തിൽ നിന്ന് ഇവർ യാത്ര ആരംഭിച്ചത്. ലോക്ക് ഡൗൺ നീട്ടുമെന്നും ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാകില്ലെന്നും മനസ്സിലാക്കിയാണ് ഇവർ തിരികെ പോരാൻ തീരുമാനിച്ചത്. ജമോലോ ഉൾപ്പെടെ മൂന്ന് കുട്ടികളും എട്ട് സ്ത്രീകളും ഈ സംഘത്തിൽ ഉണ്ടായിരുന്നു.
ബീജാപൂരിന്റെ അതിർത്തിയിൽ വച്ചാണ് ജമോലോ മരിക്കുന്നത്. കുട്ടി മരിച്ച വിവരം വീട്ടിലറിയിക്കാൻ യാതൊരു മാർഗവുമുണ്ടായിരുന്നില്ല. സംഘത്തിലെ ഒരാളുടെ കയ്യിൽ മാത്രമാണ് ഫോണുണ്ടായിരുന്നത്. അതാണെങ്കിൽ ചാർജ്ജ് തീർന്ന അവസ്ഥയിലുമായിരുന്നു. ഏപ്രിൽ 18 നാണ് ജമോലോ മരിക്കുന്നത്. അപ്പോഴേയ്ക്കും മൂന്ന് ദിവസം തുടർച്ചയായി നടക്കുകയായിരുന്നു. ബീജാപൂർ ജില്ലയിൽ തന്നെയുള്ള ബന്ദാർപൽ ഗ്രാമത്തിലെത്തിയപ്പോഴാണ് കുട്ടിമരിച്ച വിവരം മാതാപിതാക്കളെ അറിയിക്കാൻ സാധിച്ചത്. ബന്തര്‍പാലിലെ നാട്ടുകാരാണ് വിവരം പോലീസിലറിയിച്ചതും. ജമാലോ മരിച്ചത് കോവിഡ് മൂലമാണോന്നുള്ള സംശയവും നിലനിന്നിരുന്നു.
ആദ്യമെത്തിയ മെഡിക്കല്‍ സംഘത്തിന് ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അവസാനം ബന്തര്‍പാലിന്റെ അതിര്‍ത്തിയില്‍ നിന്ന് ഇവരെ കണ്ടെത്തി. ജമാലോയുടെ മൃതദേഹം മോര്‍ച്ചറിയിലേക്കും ഒപ്പമുള്ളവരെ ക്വാറന്റൈനിലേക്കും മാറ്റി. ഞായറാഴ്ച വൈകുന്നേരത്തോടെ ജമാലോയുടെ മാതാപിതാക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി. മൂന്ന് ദിവസത്തെ തുടര്‍ച്ചയായ നടത്തത്തെ തുടര്‍ന്ന് ശരീരത്തിലെ ധാതുലവണങ്ങളിലുണ്ടായ ന്യൂനതയാവാം ജമാലോയുടെ മരണകാരണമെന്ന് ഡോക്ടര്‍ അറിയിച്ചു. ജമാലോയുടെ ശരീരസ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഫലം നെഗറ്റീവാണെന്ന് തിങ്കളാഴ്ച അധികൃതര്‍ അറിയിച്ചു. ഛത്തീസ്ഗഡില്‍ 36 പേര്‍ക്കാണ് വൈസറസ് ബാധയുള്ളത്. ഇതില്‍ പതിനൊന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്നവര്‍ക്ക് സമ്പര്‍ക്കവിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam