
കൊൽക്കത്ത: പശ്ചിം മേദിനിപൂരിൽ 12 വയസുകാരൻ ആത്മഹത്യ ചെയ്തു. കുട്ടി ചിപ്സ് പാക്കറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച് സ്ഥലത്തെ കടയുടമ കുട്ടിയെക്കൊണ്ട് ശിക്ഷയായി സിറ്റ് അപ്പുകൾ വരെ എടുപ്പിച്ചിരുന്നുവെന്നും ഇതിൽ മനം നൊന്ത കുട്ടി കീടനാശിനി കഴിച്ച് മരിച്ചതായും പൊലീസ് അറിയിച്ചു.
സംഭവത്തിനു ശേഷം കൃഷ്ണേന്ദു ദാസ് എന്ന കുട്ടി അമ്മയോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മുറിയിൽ കയറി വാതിലടച്ച് കുറ്റിയിട്ടിരുന്നു. ഏറെ നേരം വിളിച്ചിട്ടും തുറക്കാത്തതിനെത്തുടർന്ന് അമ്മയും അയൽക്കാരും ചേർന്ന് വാതിൽ പൊൊളിച്ച് അകത്തു കയറുകയായിരുന്നു. മൃതദേഹത്തിനരികെ കുട്ടി എഴുതിയ ആത്മഹത്യാക്കുറിപ്പും കണ്ടെത്തി.
അമ്മേ ഞാൻ കള്ളനല്ല. ഞാൻ മോഷ്ടിച്ചിട്ടില്ല. ഞാൻ ഏറെ നേരം കടയിൽ കാത്തിരുന്നിട്ടും അങ്കിൾ വന്നില്ല. തിരിച്ചു വരാനൊരുങ്ങിയപ്പോൾ താഴെ ഒരു കുർകുറെ പാക്കറ്റ് വീണു കിടക്കുന്നത് കണ്ടു. അത് എടുത്തു. എനിക്ക് കുർക്കുറെ വളരെ ഇഷ്ടമാണ്. എന്റെ അവസാന വാക്കുകളാണിത്. ദയവായി എന്നോട് ക്ഷമിക്കൂ- കൃഷ്ണേന്ദു എഴുതി. ബംഗാളി ഭാഷയിലായിരുന്നു കുറിപ്പ് കണ്ടെടുത്തത്.
ഉടനെ കുട്ടിയെ തംലുക് ആശുപത്രിയിൽ കൊണ്ടുപോയി ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടി ചിപ്സ് പാക്കറ്റ് മോഷ്ടിച്ചെന്നാരോപിച്ച് കുട്ടിയെ കടയുടമ പിന്തുടർന്ന് അടിക്കുകയും പൊതുജനങ്ങളുടെ മുന്നിൽ സിറ്റ്-അപ്പ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു. അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-255205)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം....