
ഹൈദരാബാദ്: നിസാമുദ്ദീനിലെ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ തെലങ്കാനയില്‍ നിന്നുള്ള 1200 പേര്‍ പങ്കെടുത്തിരുന്നതായി സ്ഥിരീകരണം. തെലങ്കാന ആരോഗ്യ മന്ത്രി രാജേന്ദര്‍ ആണ് ഇക്കാര്യം വിശദീകരിച്ചത്. നിസാമുദ്ദീന്‍ ചടങ്ങുകളില്‍ പങ്കെടുത്തവരില്‍ ചിലര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ ഉണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ആറ് പേരാണ് ചടങ്ങുകളില്‍ പങ്കെടുത്തവരില്‍ ഇതുവരെ മരണപ്പെട്ടത്.
കഴിഞ്ഞ മൂന്ന് ദിവസമായി നിസാമുദ്ദീനില്‍ പോയവര്‍ക്ക് മാത്രമാണ് സംസ്ഥാനത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇന്ന് രാവിലെ തമിഴ്‌നാട്ടില്‍ 50 പേര്‍ക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ 45 പേരും നിസാമുദ്ദീനിലെ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്തവരാണ്.
അഞ്ച് പേര്‍ ഈ 45 പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. കന്യാകുമാരി, ചെന്നൈ , തിരുനെല്‍വേലി ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ് എല്ലാവരും. രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും ഈറോഡ് സ്വദേശികളാണ്. തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ നിസാമുദ്ദീനിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തവര്‍ 71 ആയിട്ടുണ്ട്. ഈറോഡും സേലത്തും ജാഗ്രതാ നിര്‍ദേശം നല്‍കി. നിസാമുദ്ദീനിലെ സമ്മേളനത്തില്‍ തമിഴ്‌നാട്ടില്‍ നിന്ന് 1500 പേര്‍ പങ്കെടുത്തതായി തമിഴ്‌നാട് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരുന്നു.
ഇതില്‍ 1130 പേര്‍ തമിഴ് നാട്ടില്‍ തിരിച്ചെത്തി. നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിവര്‍ സര്‍ക്കാരുമായി ബന്ധപ്പൊന്‍ തയാറാകണമെന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.തിരുനെല്‍വേലിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.മേലപാളയം മേഖല സീല്‍ ചെയ്തു.അവശ്യ സര്‍വീസുകള്‍ക്ക് ഉള്‍പ്പെടെ കടുത്ത നിയന്ത്രണവും ഏര്‍പ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam