
ലക്നൗ: ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയില്‍ ഒരു വീട്ടില്‍ വന്ന വെെദ്യുതി ബില്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാര്‍. ഭാര്യക്കൊപ്പം ഷമീം എന്നയാള്‍ മാത്രം താമസിക്കുന്ന വീട്ടിലെ വെെദ്യുതി ബില്‍ ആയിരവും ലക്ഷവും കടന്ന് അവസാനം 128 കോടിയിലാണ് അവസാനിച്ചത്.
ബില്‍ കണ്ട് അമ്പരന്ന് വെെദ്യതി വകുപ്പിനെ സമീപിച്ചപ്പോഴാണ് ഷമീം ശരിക്കും ഞെട്ടിയത്. തെറ്റ് പറ്റിയത് അംഗീകരിക്കാതെ അധികൃതര്‍ ബില്ല് അടച്ചില്ലെങ്കില്‍ വെെദ്യുതി കണക്ഷന്‍ വിച്ഛേദിക്കുമെന്നാണ് മറുപടി നല്‍കിയത്.
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ചിത്രങ്ങള്‍ സഹിതം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മുമ്പ് തന്‍റെ വീട്ടില്‍ 700, 800 എന്നിങ്ങനെയുള്ള തുകകളാണ് ബില്‍ വന്നിരുന്നതെന്ന് ഷമീം പറഞ്ഞു. പക്ഷേ ഇത്തവണ ഈ നഗരത്തിന് മുഴുവന്‍ വരുന്ന ബില്ലിനേക്കാല്‍ കൂടുതല്‍ തന്‍റെ വീടിന് നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്ത പുറത്ത് വന്നതോടെ അസിസ്റ്റന്‍റ് ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍ റാം ഷരന്‍ പ്രതികരണവുമായി രംഗത്ത് വന്നു. സാങ്കേതിക പിഴവ് കൊണ്ടാകാം അങ്ങനെ ഒരു ബില്‍ വന്നതെന്നാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. എന്നാല്‍, ഇതുവരെ ഈ ബില്ലിന്‍റെ കാര്യത്തില്‍ എന്താകും തുടര്‍നടപടി എന്നതില്‍ വ്യക്തത വന്നിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam