
ലഖ്‌നൗ: മുഴുവൻ സർക്കാർ ജീവനക്കാരും സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന സംസ്ഥാന സർക്കാർ ഉത്തരവ് പാലിച്ചില്ലെങ്കിൽ ഉത്തർപ്രദേശിൽ 13 ലക്ഷത്തിലധികം സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കില്ലെന്ന് മുന്നറിയിപ്പ്. സർക്കാർ ജീവനക്കാർ തങ്ങളുടെ ജംഗമ, സ്ഥാവര സ്വത്തുക്കൾ ഓഗസ്റ്റ് 31-നകം സർക്കാർ പോർട്ടലായ മാനവ് സമ്പത്തിൽ വെളിപ്പെടുത്തണമെന്നും അല്ലാത്തപക്ഷം ഈ മാസത്തെ ശമ്പളം നൽകില്ലെന്നും സർക്കാർ അറിയിച്ചു. ഉത്തരവ് പാലിച്ചില്ലെങ്കിൽ സ്ഥാനക്കയറ്റത്തെയടക്കം ബാധിക്കുമെന്നും ഉത്തരവിൽ പറയുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പുറപ്പെടുവിച്ച ഉത്തരവിൻ്റെ സമയപരിധി ഡിസംബർ 31ന് അവസാനിച്ചിരുന്നു. പിന്നീട് മൂന്ന് തവണ നീട്ടി ഓഗസ്റ്റ് 31ലേക്ക് മാറ്റി നീട്ടി. 1788,429 സർക്കാർ ജീവനക്കാരാണ് ഉത്തർപ്രദേശിലുള്ളത്. ഇതിൽ 26 ശതമാനം ജീവനക്കാർ മാത്രമാണ് തങ്ങളുടെ സ്വത്തുവിവരങ്ങൾ നൽകിയിട്ടുള്ളത്. 13 ലക്ഷത്തിലധികം ജീവനക്കാർ ഇതുവരെ അവരുടെ ആസ്തി വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
ഓഗസ്റ്റ് 31നകം സ്വത്തുവിവരങ്ങൾ നൽകുന്നവർക്ക് മാത്രമേ ഓഗസ്റ്റിലെ മാസത്തെ ശമ്പളം നൽകൂവെവ്വ് ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി മനോജ് കുമാർ സിംഗ് വ്യക്തമാക്കി.
ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് പേഴ്സണൽ ഡിപ്പാർട്ട്മെൻ്റ് പ്രിൻസിപ്പൽ സെക്രട്ടറി എം ദേവരാജ് എല്ലാ അഡീഷണൽ ചീഫ് സെക്രട്ടറിമാർക്കും പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും സെക്രട്ടറിമാർക്കും വകുപ്പ് മേധാവികൾക്കും ഓഫീസ് മേധാവികൾക്കും അയച്ചു. ഉത്തരവനുസരിച്ച്, വിശദാംശങ്ങൾ നൽകുന്നതിൽ പരാജയപ്പെടുന്ന ജീവനക്കാരെ സ്ഥാനക്കയറ്റത്തിന് പരിഗണിക്കില്ലെന്നും അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam