ദില്ലിയിൽ നിന്ന് ബഗ്ദോഗ്രയിലേക്ക് പോയ ഇൻ്റിഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ലഖ്‌നൗവിൽ അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിലെ ശുചിമുറിയിൽ നിന്ന് കണ്ടെത്തിയ ഒരു ടിഷ്യൂ പേപ്പറിലാണ് ബോംബ് എന്നെഴുതിയത്. വിമാനം പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്തിയില്ല.

ലഖ്‌നൗ: ദില്ലിയിൽ നിന്ന് ബഗ്ദോഗ്രയിലേക്ക് പറന്നുയർന്ന ഇൻ്റിഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് തിരിച്ചിറക്കി. ലഖ്‌നൗ വിമാനത്താവളത്തിലാണ് വിമാനം തിരിച്ചിറക്കിയത്. വിമാനത്തിനുള്ളിലെ ശുചിമുറിക്കകത്ത് നിന്ന് കണ്ടെത്തിയ ടിഷ്യൂ പേപ്പറിലാണ് ബോംബ് ഭീഷണി ഉണ്ടായിരുന്നത്. വിമാനം തിരിച്ചിറക്കിയതിന് പിന്നാലെ വലിയ തോതിൽ പരിശോധന നടത്തി.

ഇൻ്റിഗോയുടെ 6E 6650 എന്ന വിമാനത്തിലാണ് ബോംബ് ഭീഷണി ഉണ്ടായത്. വിവരം ഉടൻ തന്നെ അധികൃതരെ അറിയിക്കുകയും വിമാനം ലഖ്‌നൗവിൽ തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷയാണ് പ്രധാനമെന്നും അതിനാലാണ് ഭീഷണി ഉയർന്നതിന് പിന്നാലെ വിമാനം തിരിച്ചിറക്കിയതെന്നും ഇൻ്റിഗോ വാർത്താക്കുറിപ്പിറക്കി. യാത്രാക്കാർക്ക് നേരിട്ട അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ചതിനൊപ്പം അവർക്ക് മറ്റ് യാത്രാസൗകര്യങ്ങൾ ഒരുക്കുമെന്നും കമ്പനി അറിയിച്ചു.

വിമാനത്തിലെ ശുചിമുറിക്കകത്ത് നിന്ന് ലഭിച്ച ടിഷ്യു പേപ്പറിൽ ബോംബ് എന്ന് മാത്രം ഇംഗ്ലീഷിലാണ് എഴുതിയിരുന്നതെന്നാണ് സൂചന. ബോംബ് സ്ക്വാഡും സിഐഎസ്എഫ് സംഘവും ലഖ്‌നൗവിൽ വച്ച് വിമാനം പരിശോധിച്ചു. ഇന്ന് രാവിലെ 8:46 നാണ് വിമാനം ദില്ലിയിൽ നിന്ന് പുറപ്പെട്ടത്. പിന്നീട് 9.17 ന് വിമാനം ലഖ്‌നൗവിൽ തിരിച്ചിറക്കുകയും ചെയ്‌തു. വിമാനം പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്തിയില്ല.