
പാറ്റ്ന: ഗര്‍ഭം ധരിക്കാന്‍ സാധിക്കാത്ത സ്ത്രീകളെ ഗര്‍ഭിണികളാക്കുന്നവര്‍ക്ക് പണം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘം അറസ്റ്റിലായി. ബീഹാറിലെ നവാദയിലാണ് എട്ടംഗ സംഘത്തെ പൊലീസ് പിടികൂടിയത്. ഓൾ ഇന്ത്യ പ്രെഗ്നന്റ് ജോബ് സര്‍വീസ് എന്ന പേരിലാണ് ഇവരുടെ റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ഒരു സ്ത്രീയെ ഗര്‍ഭിണിയാക്കിയാല്‍ 13 ലക്ഷം രൂപ പ്രതിഫലം നല്‍കുമെന്ന് പറഞ്ഞായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയത്. വാട്സ്ആപിലൂടെയും മറ്റ് സോഷ്യല്‍ മീഡിയയിലൂടെയും പുരുഷന്മാരെ സമീപിച്ച്, തങ്ങളുടെ 'സേവനത്തിന്' പകരമായി ലക്ഷങ്ങള്‍ സമ്പാദിക്കാനുള്ള അവസരമുണ്ടെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
താത്പര്യം പ്രകടിപ്പിക്കുന്ന പുരുഷന്മാരില്‍ നിന്ന് രജിസ്ട്രേഷന്‍ ഫീസായി 799 രൂപ വീതം സംഘം വാങ്ങും. രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാവുന്നവര്‍ക്ക് പിന്നീട് ചില ചിത്രങ്ങള്‍ നല്‍കുകയും അതില്‍ നിന്ന് ഇഷ്ടമുള്ളവരെ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. തുടര്‍ന്ന് അഞ്ച് രൂപ മുതല്‍ 20,000 രൂപ വരെ സെക്യൂരിറ്റി എമൗണ്ട് എന്ന പേരിലും വാങ്ങിയിരുന്നു. സ്ത്രീകളുടെ സൗന്ദര്യം അനുസരിച്ചായിരുന്നത്രെ ഈ തുക നിശ്ചയിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.
സ്ത്രീ ഗര്‍ഭിണിയാവുമെങ്കില്‍ 13 ലക്ഷം രൂപ നല്‍കുമെന്നാണ് വാഗ്ദാനം. ശ്രമത്തില്‍ പരാജയപ്പെട്ടാലും അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതായി നവാദ പൊലീസ് സൂപ്രണ്ട് കല്യാൺ ആനന്ദ് പറഞ്ഞു. ബിഹാര്‍ പൊലീസിന്റെ പ്രത്യേ അന്വേഷണ സംഘം നവാദയില്‍ നടത്തിയ റെയ്ഡിലാണ് തട്ടിപ്പ് സംഘം അറസ്റ്റിലായത്.
പ്രതികളില്‍ നിന്ന് മൊബൈല്‍ ഫോണുകളും ഒരു പ്രിന്ററും പിടിച്ചെടുത്തു. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ ഉൾപ്പെടെ സംഘത്തിലെ മറ്റുള്ളവരെക്കൂടി കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ ഭാഗമായിരുന്നു ഇവരെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam