
വിജയവാഡ: തെക്കേ ഇന്ത്യയിൽ ശക്തമായ മഴ തുടരുന്നു. ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷമാണ്. ആന്ധ്രയിൽ 17 പേരും തെലങ്കാനയിൽ 10 പേരും മരിച്ചതായാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വകാര്യ കമ്പനികളിൾ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം നൽകണമെന്ന് അധികൃതർ ആവശ്യപ്പെടുകയും ചെയ്തു. റെയിൽ - റോഡ് ഗതാഗതം പലയിടങ്ങളിലും താറുമാറായിട്ടുണ്ട്. മഴ മുന്നറിയിപ്പ് തുടരുകയാണ്. ഇന്നലെ മുതൽ 140 ട്രെയിനുകൾ റദ്ദാക്കിയപ്പോൾ, 97 എണ്ണം വഴിതിരിച്ചും വിട്ടു.
കനത്ത മഴയിൽ പലയിടങ്ങളും മുങ്ങി. റോഡിലും റയിൽപാളങ്ങളിലും വെള്ളം കയറിയതോടെ രണ്ട് സംസ്ഥാനങ്ങളിലെയും റോഡ്, റെയിൽ ഗതാഗതം താറുമാറായി. കനത്ത മഴയും വിജയവാഡ-കാസിപ്പേട്ട് സെക്ഷനിലെ രായണപ്പാട് സ്റ്റേഷനിലെ വെള്ളക്കെട്ടും കാരണം തിരുവനന്തപുരം ഡിവിഷനിൽ നിന്ന് സർവീസ് നടത്തുന്ന ട്രെയിനുകളിൽ ചിലതും റദ്ദാക്കിയിട്ടുണ്ട്.
ഇന്ന് രാവിലെ 06.15ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 22648 കൊച്ചുവേളി - കോർബ എക്സ്പ്രസ്, സെപ്റ്റംബർ രണ്ടിന് രാവിലെ 8.15ന് ബിലാസ്പൂരിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 22815 ബിലാസ്പൂർ - എറണാകുളം എക്സ്പ്രസ്, സെപ്റ്റംബർ നാലാം തീയ്യതി രാവിലെ 8.30ന് എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 22816 എറണാകുളം - ബിലാസ്പൂർ എക്സ്പ്രസ് എന്നിവ റദ്ദാക്കിയതായാണ് റെയിൽവെയുടെ പുതിയ അറിയിപ്പിൽ വിശദീകരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam