
അഹ്മദാബാദ്: ഗുജറാത്തിലെ വഡോദരയില്‍ ഇന്നലെ മഹിസാഗർ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം 15 ആയി. ഇനിയും കണ്ടെത്താനുള്ള നാലു പേർക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്. പ്രദേശത്തെ കനത്ത മഴയും നദിയില്‍ വെള്ളം കുത്തിയൊലിച്ച് എത്തുന്നതും തെരച്ചിലിന് തടസമാകുന്നുണ്ട്. പരിക്കേറ്റ് വിവിധ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന അഞ്ച് പേരിൽ മുന്നു പേരുടെ നില ഗുരുതരമാണ്.
പാലം അപകടാവസ്ഥയിലാണെന്ന് 2021 മുതല്‍ മുന്നറിയിപ്പ് നൽകിയിട്ടും ദേശീയപാത അതോറിറ്റിയും സംസ്ഥാന സര്‍ക്കാറും അവഗണിച്ചതാണ് അപകട കാരണമെന്ന് കോൺഗ്രസ് ആരോപിച്ചു. 1985ൽ പണിത പാലത്തിലേക്ക് അമിത ഭാരമുള്ള വാഹനങ്ങൾ കടത്തിവിട്ടതും അപകട കാരണമായെന്നാണ് ആരോപണം. സംഭവത്തെകുറിച്ച് ഗുജറാത്ത് സര്‍ക്കാര്‍ അന്വേഷണം തുടങ്ങി. നാലംഗ വിദഗ്ധ സംഘത്തെയാണ് അന്വേഷണത്തിനായി മുഖ്യമന്ത്രി ഭൂപേന്ദ്ര പാട്ടില്‍ നിയമിച്ചിരിക്കുന്നത്. ഇവർ ഉടന്‍ സ്ഥലത്തെത്തി പരിശോധന നടത്തും.
റോഡ്സ് ആന്റ് ബിൽഡിങ്സ് വകുപ്പിലെ ഡിസൈൻ വിഭാഗം ചീഫ് എഞ്ചിനീയർ, സൗത്ത് ഗുജറാത്തിലെ ചീഫ് ചീഫ് എഞ്ചിനീയർ, പുറത്തു നിന്നുള്ള രണ്ട് എഞ്ചിനീയർമാർ എന്നിവരടങ്ങുന്ന സംഘത്തെയാണ് നിയോഗിച്ചത്. സാങ്കേതിക കാര്യങ്ങളിലുള്ള പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ ഇവരോട് നിർദേശിച്ചിട്ടുണ്ട്. അപകത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
പാലത്തില്‍ നിന്നും നദിയിലേക്ക് വീണ നാലു വാഹനങ്ങളിലുള്ളവരാണ് അപകടത്തില്‍ പെട്ടത്. ആനന്ദ്, വഡോദര ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ പാലം രാവിലെ വാഹന തിരക്കേറിയ സമയത്താണ് തകർന്നുവീണത്. അപകടത്തിൽ ഏതാനും പരിക്കേൽക്കുകയും ചെയ്തു. രണ്ട് ട്രക്കുകൾ, ഒരു ബൊലേറോ, ഒരു പിക്കപ്പ് വാൻ എന്നിവ പാലത്തിലൂടെ കടന്നുപോകുമ്പോഴാണ് പെട്ടെന്ന് പാലം തകർന്നുവീണത്. വലിയ ശബ്ദം കേട്ടതായും തൊട്ടുപിന്നാലെ പാലം തകർന്ന് വാഹനങ്ങൾ നദിയിലേക്ക് പതിക്കുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam