
ദില്ലി: ഇന്ന് വൈകുന്നേരത്തിന് ശേഷം ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കുറഞ്ഞത് 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. കനത്ത മഴയെ തുടർന്നാണിത്. എട്ട് വിമാനങ്ങൾ ജയ്പൂരിലേക്കും അഞ്ച് വിമാനങ്ങൾ ലഖ്‌നൗവിലേക്കും രണ്ട് വിമാനങ്ങൾ ചണ്ഡീഗഡിലേക്കും ആണ് വഴിതിരിച്ചുവിട്ടത്.
രാവിലെ ആരംഭിച്ച മഴ ദിവസം മുഴുവൻ തുടർന്നു. ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് നേരിയ ശമനം ഉണ്ടായെങ്കിലും ആകാശം മേഘാവൃതമായിരുന്നു. പിന്നാലെ ശക്തമായ മഴ പെയ്യുകയും ചെയ്തു. മഴയെത്തുടർന്ന് ദില്ലിയുടെ പല പ്രദേശങ്ങളിലും വൻ ഗതാഗതക്കുരുക്കും വെള്ളക്കെട്ടും ഉണ്ടായി.
മോശം കാലാവസ്ഥ കാരണം വിമാന സർവീസുകളെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ ഡൽഹി വിമാനത്താവള അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. സർവീസുകൾ മുടങ്ങാതിരിക്കാൻ ജാഗ്രതയോടെ ഇടപെടുകയാണെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. വിമാനങ്ങളുടെ ഷെഡ്യൂളിൽ മാറ്റമുണ്ടോയെന്ന് അറിയാൻ യാത്രക്കാർ അതത് വിമാന കമ്പനികളുമായി ബന്ധപ്പെടാനും നിർദേശിച്ചു. ഗതാഗത കുരുക്കിന് സാധ്യതയുള്ളതിനാൽ വിമാനത്താവളത്തിൽ എത്താൻ ഡൽഹി മെട്രോ ഉപയോഗിക്കാനും നിർദേശിച്ചു.
ദില്ലിയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. വിവിധ പ്രദേശങ്ങളിൽ മഞ്ഞ, ഓറഞ്ച് അലർട്ടുകളും നൽകിയിരുന്നു.