മോദിക്കും അമിത് ഷാക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് പരാതിയുമായി അഭിഭാഷകന്‍

By Web TeamFirst Published Feb 3, 2020, 9:59 PM IST
Highlights

സിഎഎ നടപ്പാക്കിയപ്പോള്‍ അത് തങ്ങളുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നുവെന്നാണ് അമിത് ഷാ പറഞ്ഞത്. ഇതേ കാര്യം 15 ലക്ഷം രൂപ വാഗ്ദാനത്തിനും ബാധകമാണെന്ന് പരാതിക്കാരന്‍ പറയുന്നു.


റാഞ്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി രാംദാസ് അട്‍വാലെ എന്നിവര്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന് പരാതി നല്‍കി അഭിഭാഷകന്‍ രംഗത്ത്. ഝാര്‍ഖണ്ഡ് ഹൈക്കോടതിയിലെ അഭിഭാഷകന്‍ എച്ച് കെ സിംഗാണ് മൂവരും ജനത്തെ വഞ്ചിച്ചുവെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പരാതി നല്‍കിയത്. പരാതി പരിഗണിച്ച ഹൈക്കോടതി വാദം കേള്‍ക്കുന്നതിനായി മാര്‍ച്ച് രണ്ടിലേക്ക് മാറ്റി. 

ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് 15 ലക്ഷം വീതം സര്‍ക്കാര്‍ നിക്ഷേപിക്കാമെന്ന് വാഗ്ദാനം നല്‍കി വഞ്ചിക്കുകയായിരുന്നുവെന്ന് ഇയാള്‍ പരാതി നല്‍കി. സെക്ഷന്‍ 415, 420 വകുപ്പ് പ്രകാരമാണ് പരാതി നല്‍കിയിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയപ്പോള്‍ അത് തങ്ങളുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നുവെന്നാണ് അമിത് ഷാ പറഞ്ഞത്. ഇതേ കാര്യം 15 ലക്ഷം രൂപ വാഗ്ദാനത്തിനും ബാധകമാണെന്ന് പരാതിക്കാരന്‍ പറയുന്നു. റെപ്രസെന്‍റേഷന്‍ ഓഫ് പീപ്പിള്‍ നിയമപ്രകാരം വോട്ട് നേടാനായി വ്യാജവാഗ്ദാനം നല്‍കരുതെന്ന് വ്യക്തമാണെന്നും പരാതിയില്‍ പറയുന്നു. കേസിന്‍റെ അടുത്തവാദം മാര്‍ച്ച് രണ്ടിന് കോടതി കേള്‍ക്കും. 

അതേസമയം, ഓരോരുത്തരുടെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് ബിജെപിയുടെ 2014 തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഇല്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. പരാതിയില്‍ കഴമ്പില്ലെന്നും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. മോദിയടക്കമുള്ള ബിജെപി നേതാക്കള്‍ വ്യാജവാഗ്ദാനം നല്‍കി ജനത്തെ വഞ്ചിക്കുകയായിരുന്നുവെന്നും പരാതിക്കാരന് പിന്തുണ നല്‍കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. 

click me!