യുകെയിൽ നിന്ന് കർണാടകത്തിലെത്തിയ 15 പേർക്ക് കൊവിഡ്

By Web TeamFirst Published Dec 29, 2020, 11:56 AM IST
Highlights

247 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. നിംഹാൻസിലാണ് എല്ലാവരുടെയും സാമ്പിൾ ജീനോം പരിശോധനയ്ക്ക് വിധേയമാക്കുന്നത്. 

ബെം​ഗളുരു: യുകെയിൽ നിന്നും കർണാടകത്തിലേക്ക് കഴിഞ്ഞയാഴ്ച എത്തിയ 15 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. യുകെയിൽ നിന്നെത്തിയ 2046 പേരിൽ 1999 പേരുടെ സാമ്പിളുകളാണ് ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചത്.  കൊവിഡ് കണ്ടെത്തിയ 15 പേരുമായി സമ്പർക്കത്തിലേർപ്പെട്ട രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 247 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. നിംഹാൻസിലാണ് എല്ലാവരുടെയും സാമ്പിൾ ജീനോം പരിശോധനയ്ക്ക് വിധേയമാക്കുന്നത്. 

അതേസമയം ജനിതകമാറ്റം വന്ന പുതിയ കൊവിഡ് വൈറസ് രാജ്യത്താദ്യമായി ആറ് പേരിൽ സ്ഥിരീകരിച്ചു. യുകെയിൽ നിന്ന് തിരികെ ഇന്ത്യയിലെത്തിയ ആറ് പേരുടെ സാമ്പിളുകളിലാണ് പുതിയ സാർസ് കൊറോണവൈറസ് കൊവിഡ് 19 വകഭേദം കണ്ടെത്തിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഈ വിവരം സ്ഥിരീകരിച്ചത്.

ബംഗളുരുവിലെ നിംഹാൻസിൽ ചികിത്സയിലുള്ള മൂന്ന് പേർക്കും, ഹൈദരാബാദ് സിസിഎംബിയിൽ ചികിത്സയിലുള്ള രണ്ട് പേർക്കും, പുനെ എൻഐവിയിൽ ചികിത്സയിലുള്ള ഒരാൾക്കുമാണ് പുതിയ വകഭേദമുള്ള വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നത്.

പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് വൈറസ് വകഭേദം ഇന്ത്യയിലുമെത്തിയതായി കണ്ടെത്തിയത്. യുകെയില്‍ നിന്ന് മടങ്ങിയെത്തിയ നിരവധി  വിമാനയാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെ എല്ലാവരെയും പുതിയ വൈറസ് ബാധിച്ചോ എന്ന പരിശോധന നടത്തുന്നുണ്ട്. 

അതേസമയം, പുതിയ വൈറസ് വകഭേദത്തെയും ചെറുക്കുമെന്ന് അവകാശപ്പെടുന്ന കൊവിഡ് വാക്സിനായുള്ള, ഡ്രൈ റൺ ഇന്നും രാജ്യത്ത് എട്ട് സംസ്ഥാനങ്ങളിൽ തുടരുകയാണ്. രാജ്യത്ത് കൊവിഡ് വാക്സിൻ കുത്തിവെപ്പിനുള്ള പരിശീലനം ഏതാണ്ട് പൂർത്തിയായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അൻപതിനായിരം പേര്‍ക്ക് ഇതിനോടകം പരീശീലനം നല്‍കി. 

click me!