പുരി: പതിനഞ്ചുകാരിയെ മൂന്നംഗ സംഘം പെട്രോളൊഴിച്ച് തീവച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ഒഡീഷയിലെ പുരി ജില്ലയിലെ ബയബർ ഗ്രാമത്തിലാണ് നടുക്കുന്ന സംഭവമുണ്ടായത്. കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകവേ ഭാർഗവി നദീതീരത്ത് വച്ചാണ് അജ്ഞാതരായ മൂന്നുപേർ പെൺകുട്ടിയെ വലിച്ചിഴച്ച് ദേഹത്ത് ഇന്ധനം ഒഴിച്ച് തീവച്ചത്. 70 ശതമാനം പൊള്ളലേറ്റ പെൺകുട്ടി ഗുരുതരാവസ്ഥയിൽ ഭുവനേശ്വറിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനുശേഷം ഓടി രക്ഷപ്പെട്ട പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
അധ്യാപകനെതിരെ പീഡന പരാതി നൽകിയ വിദ്യാർഥി തീകൊളുത്തി ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് സംഭവമെന്നതിനാൽ തന്നെ ഇത് വലിയ ചർച്ചയായിട്ടുണ്ട്. ബാലസോർ ജില്ലയിൽ വിദ്യാർത്ഥിനിയാണ് കഴിഞ്ഞ ദിവസം അധ്യാപകനെതിരെ പീഡന പരാതി നൽകിയതിന് പിന്നാലെ തീകൊളുത്തി ആത്മഹത്യ ചെയ്തത്. ഈ സംഭവങ്ങൾ ഒഡീഷയിൽ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ചിരിക്കുകയാണ്. പ്രതികളെ കണ്ടെത്തുന്നതിനായി സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതിനാൽ, സംഭവം വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam