
സയ്ഫായ്: ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ റാഗിങ്ങിന് വിധേയരാക്കിയതായി പരാതി. സീനിയര്‍ വിദ്യര്‍ത്ഥികള്‍ 150 ജൂനിയര്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് മൊട്ടയടിപ്പിച്ച് റോഡിലൂടെ നടത്തിയതായാണ് ആരോപണം. ഉത്തര്‍പ്രദേശിലെ സഫായ് ഗ്രാമത്തിലുള്ള ഉത്തര്‍പ്രദേശ് യൂണിവേഴ്സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടന്ന റാഗിങ് നടന്നതെന്നും സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നതായും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ക്യാമ്പസ്സില്‍ റാഗിങ് തടയാന്‍ സ്പെഷ്യല്‍ സ്ക്വാഡുകള്‍ ഉണ്ടെന്നും ഇതിന് മുമ്പ് റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങളില്‍ നടപടി എടുത്തിട്ടുണ്ടെന്നും സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ രാജ് കുമാര്‍ അറിയിച്ചു. മൂന്ന് വീഡിയോകളാണ് റാഗിങ്ങിന്‍റേതായി പുറത്തുവന്നത്.
വെള്ള വസ്ത്രം ധരിച്ച് തല മൊട്ടയടിച്ച വിദ്യാര്‍ത്ഥികള്‍ വരിയായി നടന്നുപോകുന്നതാണ് ഒന്നാമത്തെ വീഡിയോയില്‍ ഉള്ളത്. ജോഗിങിനു പോകുമ്പോള്‍ ഒരു സംഘം സീനിയേഴ്സിനെ വിദ്യാര്‍ത്ഥികള്‍ സല്യൂട്ട് ചെയ്യുന്നത് രണ്ടാമത്തെ വീഡിയോയില്‍ കാണാം. വിദ്യാര്‍ത്ഥികളുടെ അടുത്തേക്ക് നടക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥനെയാണ് മൂന്നാമത്തെ വീഡിയോയില്‍ കാണാന്‍ സാധിക്കുന്ത്. എന്നാല്‍ ഇയാള്‍ എന്തെങ്കിലും നടപടിയെടുക്കാന്‍ ശ്രമിക്കുന്നതായി വീഡിയോയില്‍ കാണാന്‍ സാധിക്കുന്നില്ല. റാഗിങില്‍ ഏര്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഇതിന് മുമ്പും നടപടി എടുത്തിട്ടുണ്ടെന്നും കര്‍ശനമായ നടപടി ഉണ്ടാകുമെന്നുമാണ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുടെ പ്രതികരണം.
മുന്‍ മുഖ്യമന്ത്രിമാരും സമാജ് വാദി പാര്‍ട്ടി നേതാക്കളുമായ മുലായം സിങ് യാദവിന്റെയും അഖിലേഷ് യാദവിന്റെയും നാടാണ് സയ്ഫായ്. മുലായം സിങ് യാദവിന്റെ ഭരണകാലത്താണ് സര്‍വകലാശാല സ്ഥാപിച്ചത്. കഴിഞ്ഞ മാസം ഇവിടെ 14-കാരി സഹപാഠികളുടെ റാഗിങിനിരയായി ആത്മഹത്യ ചെയ്തിരുന്നു. മാര്‍ച്ചില്‍ തമിഴ്‌നാട് സ്വദേശികളായ രണ്ടു കോളജ് വിദ്യാര്‍ഥികളും റാഗിങ് കാരണം ആത്മഹത്യ ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam