പൗരത്വ നിയമ ഭേദഗതി നടപ്പാക്കണം; മോദിക്ക് പിന്തുണയുമായി മുന്‍ ജഡ്ജിമാരുടെയും ഐഎഎസ് ഉദ്യോഗസ്ഥരുടെയും കത്ത്

By Web TeamFirst Published Feb 17, 2020, 8:49 PM IST
Highlights

നിലവില്‍ നടക്കുന്ന സമരങ്ങളെ ഗൗരവത്തോടെ കാണണം. സിഎഎ. എന്‍ആര്‍സി, എന്‍പിആര്‍ വിരുദ്ധ സമരത്തിന് പിന്നിലുള്ളവര്‍ക്കെതിരെ നടപടിയെടുത്ത് ജനാധിപത്യത്തെ സംരക്ഷിക്കണമെന്നും പ്രമുഖര്‍ ആവശ്യപ്പെട്ടു. 

ദില്ലി: പൗരത്വ നിയമ ഭേദഗതിയെയും പൗരത്വ പട്ടികയെയും അനുകൂലിച്ചും നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടും വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തെഴുതി.  മുന്‍ ജഡ്ജിമാര്‍, ഐഎഎസ് ഉദ്യോഗസ്ഥര്‍, ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയ 154 പേര്‍ ഒപ്പിട്ടാണ് രാഷ്ട്രപതിക്ക് കത്ത് നല്‍കിയത്. സിഎഎ, എന്‍ആര്‍സി ക്കെതിരെയുള്ള പ്രചാരണം തെറ്റാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പ്രമുഖര്‍ ആവശ്യപ്പെട്ടു. 

നിലവില്‍ നടക്കുന്ന സമരങ്ങളെ ഗൗരവത്തോടെ കാണണം. സിഎഎ. എന്‍ആര്‍സി, എന്‍പിആര്‍ വിരുദ്ധ സമരത്തിന് പിന്നിലുള്ളവര്‍ക്കെതിരെ നടപടിയെടുത്ത് ജനാധിപത്യത്തെ സംരക്ഷിക്കണമെന്നും പ്രമുഖര്‍ ആവശ്യപ്പെട്ടു. 11 മുന്‍ ജഡ്ജിമാര്‍, 24 വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥര്‍, 11 മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥര്‍,16 റിട്ട. ഐപിഎസ് ഉദ്യോഗസ്ഥര്‍, 18 വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരാണ് കത്തെഴുതിയത്. സമരക്കാര്‍ രാജ്യത്ത് ഭയം സൃഷ്ടിക്കുകയാണെന്നും ഇവര്‍ വ്യക്തമാക്കി. 

സ്വാതന്ത്ര്യാനന്തരം മുതല്‍ എന്‍പിആര്‍, എന്‍ആര്‍സി, സിഎഎ എന്നിവ ആശയമുണ്ട്. ഇന്ത്യന്‍ സര്‍ക്കാറിന്‍റെ നയങ്ങളെ എതിര്‍ക്കുക എന്നത് മാത്രമാണ് സമരക്കാരുടെ ഉദ്ദേശ്യം. രാജ്യത്തെ ഐക്യത്തെയും അഖണ്ഡതതെയും ഇല്ലാതാക്കുക എന്നതാണ് അവരുടെ ലക്ഷ്യം. പിന്നില്‍ പുറത്ത് നിന്നുള്ള ഇടപെടല്‍ സംശയിക്കുന്നുവെന്നും കത്തില്‍ പറയുന്നു. സിഎഎയും എന്‍ആര്‍സിയും നടപ്പാക്കാന്‍ മോദി സര്‍ക്കാറിന് എല്ലാ പിന്തുണയും നല്‍കുന്നതായും ഇവര്‍ കത്തില്‍ വ്യക്തമാക്കി. പ്രതിഷേധങ്ങളെ വകവെക്കില്ലെന്നും സിഎഎ നടപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

click me!