
ന്യൂഡൽഹി: ഡൽഹി ജുമാ മസ്ജിദ് മെട്രോ സ്റ്റേഷനിൽ എക്സ്-റേ ബാഗേജ് പരിശോധനയ്ക്കിടെ സംശയാസ്പദമായ വസ്തു കണ്ടെത്തിയതിനെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച യാത്രികനെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥർ പിടികൂടി. ഒക്ടോബർ 17 ശനിയാഴ്ചയായിരുന്നു സംഭവം. പരിശോധനയിൽ ഇയാളുടെ പക്കലുണ്ടായിരുന്ന ബാഗിലെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ ഏകദേശം 155 ഗ്രാം സ്വർണ്ണപ്പൊടി ഡൽഹി പൊലീസ് പിടിച്ചെടുത്തു.
ബാഗേജ് പരിശോധനയ്ക്കിടെ സ്ക്രീനിൽ സംശയാസ്പദമായ വസ്തു കണ്ട ഉടൻ തന്നെ യാത്രികൻ ഫോണിൽ സംസാരിച്ചുകൊണ്ട് എസ്‌കലേറ്റർ വഴി പുറത്തേക്ക് ഓടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഉടൻ തന്നെ പിന്നാലെ ഓടി എക്സിറ്റ് ഗേറ്റിന് സമീപം വെച്ച് ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് സുപ്രീം കോടതി മെട്രോ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
മലേഷ്യയിൽ ടെക്സ്റ്റൈൽ മേഖലയിൽ ജോലി ചെയ്യുകയാണെന്ന് പിടിയിലായ ശുഐബ് പൊലീസിനോട് പറഞ്ഞു. ഒക്ടോബർ 16നാണ് ഇയാൾ ഡൽഹിയിലെത്തിയത്. ജുമാ മസ്ജിദ് പ്രദേശത്തെ ഒരു ഹോട്ടലിൽ തങ്ങിയ ശേഷം ലജ്പത് നഗറിലേക്ക് പോകാൻ മെട്രോ സ്റ്റേഷനിൽ എത്തിയപ്പോഴാണ് പിടിയിലായത്. പിടിച്ചെടുത്ത വസ്തു മയക്കുമരുന്നാണെന്ന സംശയത്തെ തുടർന്ന് നാർക്കോട്ടിക്സ് ഡിപ്പാർട്ട്മെന്‍റിന്‍റെ സഹായത്തോടെ പരിശോധന നടത്തിയെങ്കിലും, അത് ലഹരിവസ്തുവല്ലെന്ന് സ്ഥിരീകരിച്ചു. എന്നാൽ സ്വർണ്ണത്തിന്‍റെ രേഖകളോ കൃത്യമായ വിശദീകരണമോ നൽകാൻ ഇയാൾക്ക് കഴിഞ്ഞിട്ടില്ല. തുടർന്ന് ഡൽഹി പോലീസ് ആക്ട് പ്രകാരം ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam