
ചെന്നൈ: തമിഴ്‌നാട്ടില്‍ കൊറോണ രോഗ ബാധിതരുടെ എണ്ണത്തില്‍ ഒറ്റ ദിവസം കൊണ്ട് വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 161 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് രോഗ ബാധിതരുടെ ആകെ എണ്ണം 2323 ആയി. റിപ്പോർട്ട് ചെയ്യപ്പെട്ട 161 കേസുകളിൽ 138 ഉം ചെന്നൈയിൽ നിന്നാണ്. തൊട്ടടുത്തുള്ള ജില്ലകളില്‍ രോഗബാധിതരുടെ എണ്ണം കുറയുമ്പോഴും ചെന്നൈയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
മറ്റ് പത്ത് ജില്ലകളിൽ നിന്നാണ് അവശേഷിക്കുന്ന രോഗബാധിതരെ കണ്ടെത്തിയിരിക്കുന്നത്. 81 വയസ്സുള്ള വയോധികനും രണ്ട് മാസം പ്രായമുള്ള പെൺകുഞ്ഞിനും കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 98 ശതമാനം ആളുഖൾക്കും രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നതാണ് ആശങ്കപ്പെടുത്തുന്ന വസ്തുത. ചെന്നൈയില്‍ രോഗ ബാധ സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും രോഗബാധ ഉണ്ടായത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. മൂന്ന് ദിവസത്തിനിടെ മുന്നൂറലധികം ആളുകള്‍ക്കാണ് രോഗലക്ഷണങ്ങള്‍ ഇല്ലാതെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
അതേ സമയം 1258 പേരാണ് രോഗമുക്തി നേടി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയിരിക്കുന്നത്. 1035 പേരിലാണ് സജീവ രോഗബാധ കണ്ടെത്തിയിരിക്കുന്നത്. പരിശോധന നടത്തിയവരിൽ 1,15,761 പേരുടെ ഫലവും നെഗറ്റീവാണ്. തമിഴ്നാട്ടിൽ പല പ്രദേശങ്ങളും കണ്ടൈൻമെന്റ് ഏരിയകളായി തിരിച്ചിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam