
ചെന്നൈ: കാലിലെ ലിഗ്മെന്റ് തകരറിനെ തുടര്‍ന്നു നടത്തിയ ശസ്ത്രക്രിയയിലെ പിഴവിൽ കാല് മുറിച്ചുമാറ്റപ്പെട്ട 17-കാരിയായ ഫുട്ബോൾ താരം മരണത്തിന് കീഴടങ്ങി. ചെന്നൈ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പ്രിയ എന്ന പെൺകുട്ടി മരിച്ചത്. ചെന്നൈ വ്യാസർപാടി സ്വദേശി രവികുമാറിന്റെ മകളാണ് പ്രിയ. ജില്ലാ സംസ്ഥാന തലങ്ങളിൽ ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്തിട്ടുള്ള പ്രിയ ചെന്നൈയിലെ റാണിമേരി കോളേജിൽ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു.
അടുത്തിടെ ഫുട്ബോൾ പരിശീലനം നടത്തുമ്പോഴാണ് പ്രിയയുടെ വലതുകാലിന് പേശിവലിവ് അനുഭവപ്പെട്ടത്. അടങ്ങാത്ത വേദനയെ തുടർന്ന് നടത്തിയ പരിശോധനയിൽ പ്രിയയുടെ കാലിലെ ലിഗ്മന്റ് തകരാറുണ്ടെന്ന് കണ്ടെത്തി. തുടർന്ന് ഇക്കഴിഞ്ഞ ഏഴിന് പെരമ്പൂർ പെരിയാർ നഗർ സർക്കാർ സബർബൻ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയാക്കി. ശസ്ത്രക്രിയ കഴിഞ്ഞിട്ടും വേദന കുറഞ്ഞില്ല. കാൽ വീർത്തിരിക്കുന്ന അവസ്ഥ ആയിരുന്നു. പിറ്റേദിവസം ഒമ്പതു മണിയോടെ പ്രിയയെ കൂടുതൽ ചികിത്സയ്ക്കായി ഡോക്ടര്‍മാര്‍ രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു.
ഇവിടെ നടത്തിയ പരിശോധനയിലാണ് വലതുകാലിലേക്കുള്ള രക്തയോട്ടം തടസ്സപ്പെട്ടതായി കണ്ടെത്തിയത്. കാലിലെ പേശികളെല്ലാം നശിച്ചതിനാൽ കാൽ മുറിച്ചു മാറ്റുകയല്ലാതെ വേറെ വഴിയില്ലെനന് ഡോക്ടർമാർ അറിയിച്ചു. തുടര്‍ന്നാണ് മകളുടെ ജീവനാണ് പ്രധാനമെന്ന് കരുതി രക്ഷിതാക്കൾ ഫുട്ബോൾ താരമായ പ്രിയയുടെ കാലുകൾ നീക്കാൻ സമ്മതിച്ചത്. പിന്നീട് വിദഗ്ധസംഘത്തിന്റെ നരീക്ഷണത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു പ്രിയ.
Read more: മറയൂർ സിപിഎം ഏരിയ കമ്മറ്റി ഓഫീസിന് സമീപം യുവാവിന്റെ മൃതദേഹം
എന്നാൽ വൈകാതെ ആരോഗ്യനില വഷളാവുകയും വൃക്ക, കരൾ, ഹൃദയം എന്നിവ തകരാറിലാവുകയും ചെയ്തതോടെയാണ് ഇന്ന് രാവിലെയോടെ പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്. ഡോക്ടർമാരുടെ അശ്രദ്ധ മൂലമാണ് പ്രിയ മരിച്ചതെന്ന് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ പറഞ്ഞു. രണ്ട് ഡോക്ടർമാർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടിയുടെ കാല് മറിച്ചുമാറ്റിയ സംഭവത്തിന് പിന്നാലെ രണ്ട് ഡോക്ടര്‍മാരെയും സ്ഥലംമാറ്റിയിരുന്നു. പ്രിയ മരണത്തിന് കീഴടങ്ങിയതിന് പിന്നാലെ ഇരുവരെയും സസ്പെൻഡ് ചെയ്തു. അതേസമയം ഡോക്ടര്‍മാരുടെ പേര് വെളിപ്പെടുത്താൻ മന്ത്രി തയ്യാറായില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam