
ചെന്നൈ: ഇന്‍സ്റ്റഗ്രാം സുഹൃത്തിനെ തേടിയെത്തിയ പതിനേഴുകാരിക്ക് രക്ഷകനായി പ്രദേശവാസിയും പൊലീസും. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട കൂട്ടുകാരെ കാണാനായി തിരുവണ്ണാമലയില്‍ നിന്ന് ചെന്നൈയിലേക്ക് എത്തിയ പെൺകുട്ടിക്കാണ് സമീപവാസിയുടെ അവസരോചിതമായ ഇടപ്പെടൽ മൂലം അക്രമികളിൽ നിന്നും രക്ഷപ്പെടാനായത്. ഇൻസ്റ്റഗ്രാമിലാണ് പെൺകുട്ടി ചെന്നൈ സ്വദേശിയാണെന്ന് പരിചയപ്പെടുത്തിയ യുവാവിനെ പരിചയപ്പെട്ടത്. അടുപ്പം കൂടിയതോടെ യുവാവ് പെൺകുട്ടിയെ തന്നെ കാണാൻ വരാനായി ക്ഷണിച്ചു.
ആണ്‍ സുഹൃത്തിന്‍റെ അഭ്യര്‍ത്ഥന പ്രകാരം ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയെ കാണാന്‍ പക്ഷേ യുവാവ് എത്തിയില്ല. ഏറെ നേരം കാത്തിരുന്നിട്ടും യുവാവിനെ കാണാതായതോടെ പെൺകുട്ടി ആശങ്കയിലായി. ഇതിനിടെയാണ് റെയിൽവേ സ്റ്റേഷനിൽ തനിച്ച് നിൽക്കുന്ന 17 കാരിയെ മൂന്ന് യുവാക്കളെത്തി പരിചയപ്പെട്ടത്. യുവാവിനെ കണ്ടെത്താനും തിരികെ പോകാനും സഹായിക്കാമെന്ന് പറഞ്ഞ് യുവാക്കൾ പെൺകുട്ടിയെ കൂടെ കൂട്ടി റെയിൽവേ സ്റ്റേഷന് പുറത്തെത്തി. പെൺകുട്ടിയുമായി ഇവർ പോയത് ബ്രോഡ്‌വേയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്കാണ്.
എന്നാൽ മൂന്ന് യുവാക്കൾക്കൊപ്പം ഒരു പെൺകുട്ടിയെ കണ്ട് സംശയം തോന്നിയ സമീപവാസി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പെലീസെത്തി അക്രമികളിൽ നിന്നും പെൺകുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് വിവരം അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അതേ സമയം, പെണ്‍കുട്ടിയോട് ചെന്നൈയിലെത്താന്‍ ആവശ്യപ്പെട്ട യുവാവിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലീസ് തുടരുകയാണ്. പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം ചാറ്റ് പരിശോധിച്ച് യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam