
ദില്ലി: പുൽവാമയിൽ സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യ ബാലകോട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ 170 ഓളം ജയ്ഷെ ഭീകരർ കൊല്ലപ്പെട്ടെന്ന് ഇറ്റലിയിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ. ഫെബ്രുവരി 26 ന് ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ ആരും കൊല്ലപ്പെട്ടില്ലെന്നായിരുന്നു പാക്കിസ്ഥാന്റെ വിശദീകരണം. ഇറ്റാലിയൻ മാധ്യമപ്രവർത്തകൻ ഫ്രാൻസിസോ മറിനോയുടെ റിപ്പോർട്ടിൽ പാക്കിസ്ഥാന്റെ വാദങ്ങൾ കളവാണെന്നും കുറ്റപ്പെടുത്തുന്നു.
ബാലകോട്ടിനടുത്ത് ഷിങ്കിയാരി ബേസ് ക്യാംപിൽ നിന്ന് പാക് സൈനിക സംഘം ഫെബ്രുവരി 26 ന് പുലർച്ചെ ആറ് മണിക്ക് ആക്രമണം നടന്ന സ്ഥലത്ത് എത്തിയെന്നും ഇദ്ദേഹം പറയുന്നു. ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തി രണ്ടര മണിക്കൂർ പിന്നിട്ടപ്പോഴായിരുന്നു ഇത്.
ആക്രമണത്തിൽ പരിക്കേറ്റവരെ ഇവിടെ നിന്ന് ഷിങ്കിയാരിയിലെ ഹർകർ-ഉൽ-മുജാഹിദ്ദീൻ ക്യാംപിലേക്ക് മാറ്റിയെന്നും ഇവിടെ വച്ച് സൈനിക ഡോക്ടർമാർ ഭീകരരെ പരിചരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരിൽ 20 പേർ ചികിത്സയ്ക്കിടെ മരണപ്പെട്ടു. ശേഷിച്ച 45 ഓളം പേർ സൈനിക ക്യാംപിൽ ഇപ്പോഴും ചികിത്സയിലാണെന്നും ഇവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരിച്ച ഭീകരരുടെ വീടുകളിൽ ജയ്ഷെ മുഹമ്മദിന്റെ സംഘം എത്തിയെന്നും ഇവർ കുടുംബങ്ങൾക്ക് പണം നൽകിയെന്നും റിപ്പോർട്ടിലുണ്ട്. ആക്രമണം വിജയമായിരുന്നുവെന്ന വിവരം പുറത്തുവിടാതിരിക്കാനായിരുന്നു ഇത്. ബാലകോട്ടെ വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയതെന്ന് അവർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam