
ചെന്നൈ: ചെന്നൈയിലെ തമിഴ്‌നാട് ഇലക്‌ട്രിസിറ്റി ബോർഡ് ആസ്ഥാനത്തുനിന്ന് ഔദ്യോഗിക വിവരങ്ങൾ അടങ്ങിയ 18 ഹാർഡ് ഡിസ്കുകൾ മോഷ്ടിക്കപ്പെട്ട സംഭവത്തിൽ തമിഴ്‌നാട് സർക്കാർ വിപുലമായ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ കമ്പനിയിലെ കരാർ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയും മോഷ്ടിക്കപ്പെട്ട 18 ഹാർഡ് ഡിസ്കുകളും വീണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. തമിഴ്‌നാട് ഇലക്‌ട്രിസിറ്റി ബോർഡ് ആസ്ഥാനത്തു കഴിഞ്ഞ 11 മാസമായി കമ്പ്യൂട്ടർ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ അറ്റകുറ്റപ്പണികൾ നടത്തിവന്നിരുന്ന ഗോപിനാഥ് (31) എന്ന താൽക്കാലിക ജീവനക്കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മെയ് 16, 17 തീയതികളിലെ വാരാന്ത്യ അവധി ദിവസങ്ങളിൽ, ഓഫീസിൽ ആളില്ലാതിരുന്ന സമയത്താണ് പ്രതി അഞ്ചാം നിലയിൽ നിന്നും ഹാർഡ് ഡിസ്കുകൾ മോഷ്ടിച്ചത്. തുടർന്ന് ഇൻസ്റ്റാഗ്രാം വഴി ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിന് 75,000 രൂപയ്ക്ക് ഇവ വിൽക്കുകയായിരുന്നു.
മുൻപ് ഡിഎംകെ ഭരണകാലത്ത് നടന്ന ട്രാൻസ്ഫോർമർ സംഭരണം, കൽക്കരി വാങ്ങൽ, കരാറുകൾ എന്നിവയുമായി ബന്ധപ്പെട്ട അഴിമതി അന്വേഷണങ്ങളുടെ രേഖകളാണ് ഈ ഹാർഡ് ഡിസ്കുകളിൽ ഉണ്ടായിരുന്നത്. ഈ വിവരങ്ങൾ നശിപ്പിക്കാൻ വകുപ്പിലെ ആരെങ്കിലും പ്രേരിപ്പിച്ചതാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ആസ്ഥാനത്തെ പ്രധാന നിലകളിലെ സിസിടിവി ക്യാമറകൾ കഴിഞ്ഞ അഞ്ച് വർഷമായി പ്രവർത്തിക്കുന്നില്ലായിരുന്നു എന്നതും സുരക്ഷാ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഹാർഡ് ഡിസ്കുകൾ നഷ്ടപ്പെട്ടെങ്കിലും ടെൻഡർ വിവരങ്ങൾ അടക്കമുള്ള പ്രധാനപ്പെട്ട ഔദ്യോഗിക രേഖകളുടെ ഡിജിറ്റൽ ബാക്കപ്പ് കോപ്പികൾ ലഭ്യമാണെന്നും വിവരങ്ങൾ പൂർണ്ണമായി നഷ്ടപ്പെട്ടിട്ടില്ലെന്നും തമിഴ്‌നാട് വൈദ്യുതി മന്ത്രി സിടിആർ നിർമ്മൽ കുമാർ അറിയിച്ചു. പ്രതിയെ നിലവിൽ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ കൂടുതൽ വകുപ്പ് ഉദ്യോഗസ്ഥർക്കോ കരാറുകാർക്കോ പങ്കുണ്ടോ എന്ന് കണ്ടെത്താൻ സൈബർ ക്രൈം വിഭാഗവും തമിഴ്‌നാട് ഇലക്‌ട്രിസിറ്റി ബോർഡ് വിജിലൻസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam