
ചെന്നൈ: ചെന്നൈ കിൽപോക്കിൽ ഹോട്ടലിൽ കഞ്ചാവ് മീറ്റിംഗ് നടത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് മുറികളിൽ നിന്നായി 18 പേരാണ് അറസ്റ്റലായത്. ഹോട്ടൽ മാനേജരടക്കമുള്ളവരാണ് പിടിയിലായത്. ഒരു സ്വകാര്യ പാർട്ടിക്ക് ശേഷം മൂന്ന് മുറികളിൽ കയറി സംഘം ഒരുമിച്ച് കഞ്ചാവ് വലിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി പ്ലാൻ ചെയ്ത ശേഷമാണ് സംഘം ഹോട്ടലിൽ ഒത്തു ചേർന്നതെന്നും, ഹോട്ടൽ മാനേജരുടെ അനുവാദത്തോടെയാണ് കഞ്ചാവ് പാർട്ടി നടന്നതെന്നുമാണ് വിവരം. നേരത്തേയും ഈ സംഘം സമാനമായ ഒത്തുചേരലുകൾ ഹോട്ടലിൽ സംഘടിപ്പിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ തീയതിയും സ്ഥലവും മുൻ കൂട്ടി നിശ്ചയിച്ച ശേഷം സംഘം ചേർന്നെത്തിയാണ് ഇത്തരം മീറഅറിംഗുകൾ നടക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. പിടിയിലായവരിൽ നിന്നും മൊബൈൽ ഫോണുകൾ, കാറുകൾ, ഇരുചക്ര വാഹനങ്ങൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. മൊബൈൽ ഫോണുകൾ പരിശോധനക്ക് വിധേയമാക്കിമെന്നും ആരാണ് മീറ്റിംഗിന് പിന്നിലെന്നതടക്കം അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽ വിട്ടു. പ്രതികൾക്ക് എവിടെ നിന്നാണ് കഞ്ചാവ് ലഭിച്ചതെന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.