
ദില്ലി: ഓൺലൈൻ ഭക്ഷണ വിതരണം നമ്മുടെ ജീവിതത്തിന്റെ ഭാഗമായിട്ട് വളരെയേറെ കാലമായിട്ടില്ല. മിനിറ്റുകൾക്കകം വീട്ടിലെത്തിക്കുന്ന ഓൺലൈൻ ഭക്ഷണ വിതരണ ആപ്പുകളെ മലയാളികളടക്കം കസ്റ്റമേഴ്സ് വളരെ താൽപര്യത്തോടെയാണ് കാണുന്നത്. സൊമാറ്റോ, സ്വിഗ്ഗി അടക്കം ആപ്പുകൾ കേരളത്തിന് കേരളത്തിലും വലിയ പ്രചാരമാണ് ലഭിച്ചിട്ടുള്ളത്. ഏഴ് വർഷം മുമ്പുള്ള ഒരു സൊമാറ്റോ ബില്ലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നിലവിൽ ഈടാക്കുന്ന ഡെലിവറി ചാർജുകളും പ്ലാറ്റ്‌ഫോം ഫീസുകളും ഇല്ലാത്ത ഏഴ് വർഷം പഴക്കമുള്ള സൊമാറ്റോ ബിൽ 2019 ൽ നൽകിയ ഒരു ഭക്ഷണ ഓർഡറിന്റേതാണ്. ഒരു കസ്റ്റമർ റെഡ്ഡിറ്റിൽ പങ്കുവെച്ചതിനെ തുടർന്നാണ് ഈ ബിൽ ഇപ്പോൾ വൈറലാകുന്നത്.
ഭക്ഷണത്തിൻ്റെ വിലയല്ലാതെ ഡെലിവറി ചാർജ്, പ്ലാറ്റ്‌ഫോം ഫീസ്, റെസ്റ്റോറൻ്റ് പാക്കേജിംഗ് ചാർജ് തുടങ്ങിയ അധിക ഫീസുകൾ ഒന്നും ഈടാക്കിയിട്ടില്ലെന്ന് ബില്ലിൽ നിന്നും വ്യക്തമാണ്. കസ്റ്റമർ 'പനീർ മലായി ടിക്ക' മാത്രമാണ് ഓർഡർ ചെയ്തതെന്ന് ബില്ലിൽ നിന്നും വ്യക്തമാണ്. വിഭവത്തിൻ്റെ വില 160 രൂപയായിരുന്നെങ്കിലും ഒരു കൂപ്പൺ കോഡ് ലഭിച്ചതിനാൽ 92 രൂപ മാത്രമാണ് നൽകേണ്ടി വന്നത്. ഓർഡർ ചെയ്തത് വീട്ടിൽ നിന്ന് 9.6 കിലോമീറ്റർ അകലെയുള്ള റെസ്റ്റോറന്റിൽ നിന്നായിരുന്നുവെങ്കിലും ഒരു ഡെലിമറി ചാർജും അന്ന് ഈടാക്കിയിരുന്നില്ല. സൊമാറ്റോ വഴി ഭക്ഷണം ഓർഡർ ചെയ്യാൻ താങ്ങാനാവുന്ന കാലമായിരുന്നുവെന്നും പക്ഷേ ഇന്ന് ഇതേ വിഭവം ഓർഡർ ചെയ്താൽ ഏകദേശം 300 രൂപയോളം ചെലവ് വരുമെന്നുംനിലവിൽ ഡെലിവറി ചാർജുകളും മറ്റ് ഫീസുകളും ഉൾപ്പെടുത്തിയാണ് ബിൽ വരുന്നതെന്നും സമൂഹമാധ്യമത്തിൽ ഇത് പങ്കുവെച്ച കസ്റ്റമർ ചൂണ്ടിക്കാട്ടി. പഴയ ബിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ, നിലവിൽ വർധിച്ചുവരുന്ന ഭക്ഷണ വിലയെയും അധിക ഫീസുകളെയും പറ്റി ഉപഭോക്താക്കൾക്കിടയിൽ ചർച്ച സജീവമാണ്.