
ബെംഗളൂരു: ബെംഗളൂരുവിലെ വാടക വീട്ടിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴത്തിരിവ്. ലൈംഗികാതിക്രമങ്ങളെ എതിർത്തതിനെ തുടർന്ന് 18 വയസ്സുകാരൻ യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ജനുവരി 3 നാണ് 34 കാരിയായ ഷർമിള ഡികെയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാമമൂർത്തി നഗറിലെ സുബ്രഹ്മണി ലേഔട്ടിലുള്ള അപ്പാർട്ട്മെന്റിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് ശ്വാസംമുട്ടി മരിച്ചതാണെന്നാണ് ആദ്യം സംശയിച്ചിരുന്നത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) സെക്ഷൻ 194(3)(iv) പ്രകാരം പോലീസ് അസ്വാഭാവിക മരണ റിപ്പോർട്ട് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അന്വേഷണത്തിനിടെ, ശാസ്ത്രീയ രീതികളും സാങ്കേതിക തെളിവുകളും ഉപയോഗിച്ച്, ഇരയുടെ വീടിനോട് ചേർന്നുള്ള വീട്ടിൽ താമസിച്ചിരുന്ന കർണാൽ കുറൈ യുവാവിനെ പൊലീസിന് സംശയമായി. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കുറൈ കുറ്റം സമ്മതിച്ചു. ലൈംഗികാതിക്രമം നടത്തുക എന്ന ഉദ്ദേശ്യത്തോടെ ജനുവരി 3 ന് രാത്രി 9 മണിയോടെ സ്ലൈഡിംഗ് ജനാലയിലൂടെ സ്ത്രീയുടെ വീട്ടിൽ കയറിയതായി അയാൾ പൊലീസിനോട് പറഞ്ഞു. ഇര എതിർത്തപ്പോൾ, അർദ്ധബോധാവസ്ഥയിലാകുന്നതുവരെ അയാൾ ബലമായി അവളുടെ വായും മൂക്കും മൂടിക്കെട്ടി. തുടർന്നുണ്ടായ ആക്രമണത്തിൽ യുവതിക്ക് രക്തസ്രാവമുണ്ടായി. തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമത്തിൽ പ്രതി ഇരയുടെ വസ്ത്രങ്ങളും മറ്റ് വസ്തുക്കളും കിടപ്പുമുറിയിലെ മെത്തയിൽ വച്ച ശേഷം തീകൊളുത്തി ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രക്ഷപ്പെടുന്നതിനിടെ ഇരയുടെ മൊബൈൽ ഫോണും മോഷ്ടിച്ചതായി ആരോപണമുണ്ട്.
കുറ്റസമ്മതവും തെളിവുകളും സ്ഥിരീകരിച്ചതിനെ തുടർന്ന്, പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 103(1) (കൊലപാതകം), 64(2), 66, 238 (തെളിവുകൾ നശിപ്പിക്കൽ) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam