
ദില്ലി: രാജ്യമൊട്ടാകെ മൺസൂൺ കാലത്ത് മരിച്ചത് 1874 പേരെന്ന് കണക്ക്. 46 പേരെ കാണാതായി. 22 സംസ്ഥാനങ്ങളിലായി 25 ലക്ഷം പേരെയാണ് മഴക്കെടുതി ബാധിച്ചത്. 357 ജില്ലകളിൽ ഉണ്ടായ മഴക്കെടുതിയിലും ഉരുൾപൊട്ടലിലും 738 പേർക്ക് പരിക്കേറ്റു. ഏകദേശം 20000 മൃഗങ്ങളും മഴക്കെടുതിയിൽ ചത്തൊടുങ്ങി. 1.09 ലക്ഷം വീടുകളാണ് തകർന്നത്. 2.05 ലക്ഷം വീടുകൾ ഭാഗികമായി നശിച്ചു. 14.14 ഹെക്ടർ കൃഷിയും ഇല്ലാതായി. മൺസൂൺ മഴക്കാലം സെപ്തംബർ 30 ന് അവസാനിച്ചെങ്കിലും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴ ഇപ്പോഴും തുടരുന്നുണ്ട്.
അതേസമയം, 1994 ന് ശേഷം ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഇക്കുറിയാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. 382 പേർ. 22 ജില്ലകളിൽ കനത്ത മഴ പെയ്‌തു. 369 പേർക്ക് പരിക്കേറ്റു. സംസ്ഥാനത്തൊട്ടാകെ 305 ദുരിതാശ്വാസ ക്യാംപുകൾ തുറന്നതിൽ 7.19 ലക്ഷം പേരാണ് അഭയം തേടിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പശ്ചിമ ബംഗാളിൽ 227 പേർ മരിച്ചു. 22 ജില്ലകളെയാണ് മഴക്കെടുതി ബാധിച്ചത്. 37 പേർക്ക് പരിക്കേറ്റു. നാല് പേരെ കാണാതായി. 43,433 പേർ 280 ദുരിതാശ്വാസ ക്യാംപുകളിൽ അഭയം തേടി.
മധ്യപ്രദേശിൽ 182 പേരാണ് മരിച്ചത്. 38 പേർക്ക് പരിക്കേറ്റു. ഏഴ് പേരെ കാണാതായി. 32,996 പേർ 98 ദുരിതാശ്വാസ ക്യാംപുകളിൽ അഭയം തേടി. കേരളത്തിൽ 181 പേർ മരിച്ചതായാണ് കണക്ക്. 72 പേർക്ക് പരിക്കേറ്റു. 15 പേരെ കാണാതായി. സംസ്ഥാനത്തൊട്ടാകെ 2227 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 4.46 ലക്ഷം പേർ ഇവിടെ അഭയം തേടി. ഗുജറാത്തിൽ 169 പേർക്കാണ് ഈ മഴക്കാലത്ത് ജീവൻ നഷ്ടമായത്. 17 പേർക്ക് പരിക്കേറ്റു. 102 ദുരിതാശ്വാസ ക്യാംപുകളിലായി 17,783 പേർ അഭയം തേടി.
ബിഹാറിൽ 161 പേർക്ക് ജീവൻ നഷ്ടമായി. 1.26 ലക്ഷം പേരെ 235 ദുരിതാശ്വാസ ക്യാംപുകളിൽ പ്രവേശിപ്പിച്ചു. 27 ജില്ലകളെയാണ് മഴക്കെടുതി ബാധിച്ചത്. കർണാടകത്തിൽ 106 പേർ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. 13 ജില്ലകളിലായി ആറ് പേരെ കാണാതായി. 3233 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 2.48 ലക്ഷം പേരെ ഇവിടെ പ്രവേശിപ്പിച്ചു. അസാമിൽ 97 പേരാണ് മഴക്കാലത്ത് മരിച്ചത്. 32 ജില്ലകളിൽ മഴ നാശം വിതച്ചു. 5.25 ലക്ഷം പേർക്ക് വീടുവിട്ട് ദുരിതാശ്വാസ ക്യാംപുകളിൽ അഭയം തേടേണ്ടി വന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam