
ഭോപ്പാൽ: മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ 19 കാറുകൾ ഒരുമിച്ച് തകരാറിലായി. ഒന്നിനുപിറകെ ഒന്നായി കാറുകൾ റോഡിൽ കിടക്കാൻ തുടങ്ങിയതോടെ മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് മറ്റ് വാഹനങ്ങളെ കണ്ടെത്തേണ്ട അവസ്ഥയിലായി ഉദ്യോഗസ്ഥർ. വെള്ളിയാഴ്ച രത്ലാമിൽ നടക്കുന്ന 'എംപി റൈസ് 2025' (റീജനൽ ഇൻഡസ്ട്രി, സ്കിൽ ആൻഡ് എംപ്ലോയ്മെന്റ് കോൺക്ലേവ്) ഉദ്ഘാടനം ചെയ്യാനായി മുഖ്യമന്ത്രി മോഹൻ യാദവ് പുറപ്പെടുമ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ.
വാഹന വ്യൂഹത്തിലെ ഒന്നോ രണ്ടോ വാഹനങ്ങൾക്ക് ആദ്യം പ്രശ്നങ്ങൾ കണ്ടുതുടങ്ങി. തുടർന്ന് ഓരോന്നായി വഴിയിലായി. ഡ്രൈവർമാരും മറ്റുള്ളവരും ചേർന്ന് ഈ വാഹനങ്ങൾ റോഡിൽ നിന്ന് തള്ളിമാറ്റി. പിന്നാലെ കൂടുതൽ വാഹനങ്ങൾ വഴിയിലായി. ഒടുവിൽ 19 കാറുകളും നീങ്ങാത്ത അവസ്ഥയിലായി. യാത്രയ്ക്ക് മുന്നോടിയായി ഒരു പമ്പിൽ നിന്നാണ് ഇത്രയും വാഹനങ്ങളിലും ഇന്ധനം നിറച്ചത്. ഇവിടുത്തെ ഡീസലിലെ പ്രശ്നങ്ങളാവാം വാഹനങ്ങൾ കൂട്ടത്തോടെ തകരാറിലാവാൻ കാരണമെന്നാണ് അനുമാനം.
പ്രദേശത്തെ ഒരു പമ്പിൽ നിന്നാണ് വാഹനങ്ങൾക്കായി 350 ലിറ്റർ ഡീസൽ വാങ്ങിയതെന്നും ഈ പമ്പിലെ ജീവനക്കാരെ ചോദ്യം ചെയ്തപ്പോൾ ഡീസലിൽ മായം ചേർന്നെന്ന വാദം അവർ നിഷേധിക്കുകയായിരുന്നു എന്നും ഡ്രൈവർമാർ പറഞ്ഞു. എന്നാൽ ഇവിടെ നിന്ന് കുപ്പിയിൽ ഇന്ധനം വാങ്ങിയ ഒരാൾ ഡീസലിനൊപ്പം വെള്ളവും രണ്ട് പാളികളായിത്തന്നെ കിടക്കുന്നത് കാണിച്ചുതന്നുവെന്നും ഇവർ ആരോപിച്ചു.
സംസ്ഥാനത്തെ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ഡീസലിന്റെ സാമ്പിൾ ശേഖരിച്ചു. ഇന്ധനത്തിൽ വെള്ളം കലർന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായും എത്രത്തോളം വെള്ളം ഡീസലിൽ കലർന്നുവെന്ന് പറയാൻ ഇപ്പോൾ കഴിയില്ലെന്നും അധികൃതർ അറിയിച്ചു. പമ്പിലെ സ്റ്റോക്ക് കൂടി പരിശോധിച്ച ശേഷം കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്നാണ് ഉദ്യോഗസ്ഥൻ പറഞ്ഞത്.
പമ്പിലെ രേഖകളും സ്റ്റോക്കും ഉദ്യോഗസ്ഥർ ഇപ്പോൾ പരിശോധിക്കുകയാണ്. പ്രതികരിക്കാൻ പെട്രോൾ പമ്പിന്റെ സെയിൽസ് ഓഫീസർ വിസമ്മതിച്ചു. തനിക്ക് അഭിപ്രായം പറയാൻ അധികാരമില്ലെന്ന് അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുടെ പരിപാടി തടസ്സം കൂടാതെ നടന്നു. മറ്റ് വാഹനങ്ങൾ എത്തിച്ചാണ് വാഹനവ്യൂഹം ക്രമീകരിച്ചത്. അതേസമയം പമ്പുകളിലൂടെ വിതരണം ചെയ്യുന്ന ഇന്ധനത്തിന്രെ നിലവാരം സംബന്ധിച്ച് ചോദ്യങ്ങൾ ഉയരുന്നുണ്ട്.