
ലഖ്നൌ: അതിദാരുണമായ അവസ്ഥയിലായിരുന്ന 39 വയോധികരെ വൃദ്ധസദനത്തിൽ നിന്ന് രക്ഷപ്പെടുത്തി. മുറികളിൽ പൂട്ടിയിട്ട നിലയിലായിരുന്നു വയോധികർ. പരിചരിക്കാൻ ജീവനക്കാരില്ല. ചിലർ മൂത്രവും മലവും പുരണ്ട വസ്ത്രങ്ങളോടെയും മറ്റു ചിലർ വസ്ത്രമില്ലാതെയുമാണ് കാണപ്പെട്ടത്. നോയിഡയിലെ സെക്ടർ 55-ലുള്ള ആനന്ദ് നികേതൻ വൃദ്ധസദനത്തിലാണ് സംഭവം.
ഈ വൃദ്ധസദനത്തിന്‍റെ ശോചനീയാവസ്ഥ വ്യക്തമാക്കുന്ന ഒരു വീഡിയോ അടുത്തിടെ ലഖ്നൗവിലെ സാമൂഹികക്ഷേമ വകുപ്പിന് ലഭിച്ചിരുന്നു. കൈകൾ കെട്ടിയ നിലയിൽ വയോധികയെ മുറിയിൽ അടച്ചിട്ടിരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. തുടർന്ന് സംസ്ഥാന വനിതാ കമ്മീഷനും നോയിഡ പൊലീസും വൃദ്ധസദനത്തിൽ റെയ്ഡ് നടത്തി. അതിദയനീയാവസ്ഥയിലായിരുന്നു വൃദ്ധരെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അംഗം മീനാക്ഷി ഭരല പറഞ്ഞു. ചിലരെ മുറികളിൽ പൂട്ടിയിട്ടിരുന്നു. മിക്കവർക്കും ധരിക്കാൻ വസ്ത്രം പോലുമുണ്ടായിരുന്നില്ല. ചിലരുടെ വസ്ത്രങ്ങൾ മൂത്രമോ മലമോ പുരണ്ട അവസ്ഥയിലായിരുന്നുവെന്നും അവർ പറഞ്ഞു.
വയോധികരെ പരിചരിക്കാൻ മതിയായ ജീവനക്കാർ ഉണ്ടായിരുന്നില്ലെന്നും റെയ്ഡിൽ കണ്ടെത്തി. നഴ്സാണെന്ന് പറഞ്ഞ വൃദ്ധസദനത്തിലെ ജീവനക്കാരിയുടെ വിദ്യാഭ്യാസം പന്ത്രണ്ടാം ക്ലാസ് പാസായി എന്നത് മാത്രമാണ്. പരിചരണത്തിന് പരിശീലനം ലഭിച്ചവരല്ല ഉണ്ടായിരുന്നത്.
2.5 ലക്ഷം ഡൊണേഷൻ വാങ്ങിയാണ് വൃദ്ധരെ ഇവിടെ പ്രവേശിപ്പിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൂടാതെ ഭക്ഷണം, താമസം എന്നിവയ്ക്കായി പ്രതിമാസം 6,000 രൂപയും ഇവരുടെ കുടുംബങ്ങളിൽ നിന്ന് ഈടാക്കിയിരുന്നു. വൃദ്ധ സദനത്തിനെതിരെ കേസെടുത്തു. വയോജനങ്ങളെ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ സർക്കാർ ഉടമസ്ഥതയിലുള്ള വൃദ്ധസദനത്തിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam