
ദില്ലി: പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം നേരിടാനുള്ള പൊലീസ് നടപടികളെ തുടര്‍ന്ന് ദില്ലിയില്‍ കനത്ത ഗതാഗതക്കുരുക്ക്. ദേശീയ തലസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ലക്ഷക്കണക്കിന് വാഹനങ്ങളാണ് കുടുങ്ങി കിടക്കുന്നത്. കൂടുതല്‍ പ്രതിഷേധക്കാര്‍ സമരമുഖത്തേക്ക് എത്തുന്നത് തടയാന്‍ ദില്ലി പൊലീസ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തതോടെയാണ് ദില്ലിയില്‍ വാഹനങ്ങള്‍ പെരുവഴിയില്‍ കുടുങ്ങിയത്. എയര്‍ഹോസ്റ്റസുമാരും പൈലറ്റുമാരും അടക്കമുള്ള ജീവനക്കാര്‍ ട്രാഫിക് ജാമില്‍പ്പെട്ടതോടെ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ 19 വിമാനങ്ങളും റദ്ദാക്കി.
പ്രതിഷേധം നിയന്തിക്കാനായി ദില്ലി പൊലീസ് ചെങ്കോട്ടയിലും മധ്യദില്ലിയിലെ ചില ഭാഗങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഇവിടെ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയവരേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിഷേധക്കാരെ കണ്ടെത്താന്‍ മേഖലയിലേക്ക് വന്ന എല്ലാ വാഹനങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. എന്നിട്ടും പ്രതിഷേധക്കാര്‍ എത്തുന്നത് തുടര്‍ന്നതോടെ പൊലീസ് ദില്ലിയിലേക്കുള്ള വിവിധ റോഡുകള്‍ ബ്ലോക്ക് ചെയ്യാന്‍ ആരംഭിച്ചു.
മധുര റോഡ്- കാളിന്ദി കുജ് റോഡ് അടച്ച പൊലീസ് നോയിഡയില്‍ നിന്നും വരുന്ന യാത്രക്കാരോട് ഡിഎന്‍ഡി മേല്‍പ്പാലം വഴിയോ അക്ഷര്‍ധാം റോഡ് വഴിയോ ദില്ലിയില്‍ എത്താന്‍ നിര്‍ദേശിച്ചു. ഇതിനിടയില്‍ ദില്ലി മെട്രോ റെയില്‍വേയുടെ 17 സ്റ്റേഷനുകളും പൊലീസ് അടപ്പിച്ചു. ചാന്ദ്നി ചൗക്ക് അടക്കം തിരക്കേറിയ ഇടങ്ങളിലെ സ്റ്റേഷനുകള്‍ അടച്ചതോടെ ജനം പെരുവഴിയിലായി. തെക്കന്‍ മേഖലകളില്‍ നിന്നും ദില്ലിയിലേക്കുള്ള പാതകളെല്ലാം സ്തംഭിച്ചതോടെ ദില്ലിയില്‍ നിന്നുള്ള വിവിധ വിമാനങ്ങളും റദ്ദാക്കി.
ഡ്യൂട്ടിയില്‍ പ്രവേശിക്കേണ്ട എയര്‍ ഹോസ്റ്റസുമാരും പൈലറ്റുമാരുമടക്കമുള്ള ജീവനക്കാര്‍ വഴിയില്‍ കുടുങ്ങിയതോടെയാണ് സര്‍വ്വീസ് റദ്ദാക്കേണ്ടി വന്നതെന്നാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചത്. മറ്റു വിമാനക്കമ്പനികളുടെ 16ഓളം വിമാനങ്ങള്‍ സമയം തെറ്റി യാത്ര ചെയ്യുകയാണെന്ന് ഇന്ദിരാഗാന്ധി വിമാനത്താവള അധികൃതര്‍ അറിയിച്ചു. പ്രതിഷേധവും ഗതാഗത തടസ്സവും കണക്കിലെടുത്ത് വിമാനയാത്രികര്‍ നേരത്തെ വിമാനത്താവളത്തില്‍ എത്തണമെന്ന് വിമാനക്കമ്പനികള്‍ സമൂഹമാധ്യമങ്ങളിലൂടെ യാത്രക്കാരെ അറിിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam