ഒഡീഷ സ്വദേശിയായ മർച്ചൻ്റ് നേവി ഉദ്യോഗസ്ഥൻ സാർത്ഥക് മഹാപത്രയെ മൗറീഷ്യസിനടുത്ത് കപ്പലിൽ വെച്ച് കാണാതായി. സംഭവത്തിൽ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് യുവാവിൻ്റെ അമ്മ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായം തേടി.
ഭുവനേശ്വർ: മർച്ചൻ്റ് നേവി ഉദ്യോഗസ്ഥനായ യുവാവിനെ കാണാതായി. ഒഡീഷയിലെ ഭദ്രക് ജില്ലയിലെ കേസ്പൂർ സ്വദേശിയായ സർത്തക് മഹാപത്രയെയാണ് കാണാതായത്. ഫെബ്രുവരി 3 ന് മൗറീഷ്യസിനടുത്ത് കപ്പലിൽ ഡ്യൂട്ടിയിലിരിക്കെ കാണാതായെന്നാണ് വിവരം. 2025 ജൂലൈ മുതൽ ഈ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്ന് സിങ്കപ്പൂർ വഴി ചൈനയിലേക്ക് മടങ്ങുകയായിരുന്നു കപ്പലെന്നാണ് സർത്തകിൻ്റെ അമ്മ രശ്മിത മൊഹാപത്ര പറയുന്നത്.
താൻ തകർന്നിരിക്കുകയാണെന്നും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും രശ്‌മിത പറഞ്ഞു. പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ്, വിദേശകാര്യ മന്ത്രാലയം ടാഗ് ചെയ്തുകൊണ്ടാണ് എക്സിൽ ഇവർ കുറിപ്പ് പങ്കുവച്ചത്. സംഭവത്തിൽ സുതാര്യമായ അന്വേഷണം വേണമെന്നും കപ്പലിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു.


